ChuttuvattomThodupuzha

വയലുകള്‍ക്ക് നേരെയുള്ള വധഭീഷണി ചെറുക്കും : മന്ത്രി പി പ്രസാദ്

തൊടുപുഴ : വയലുകള്‍ക്ക് നേരേ കേരളത്തില്‍ ഉയരുന്ന വധഭീഷണി ചെറുക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. നിലം നികത്താനുള്ള അപേക്ഷകളിലാണ് ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാകുന്നത്. അംഗന്‍വാടികള്‍ക്ക് അടക്കം കെട്ടിടം നിര്‍മിക്കാന്‍ ആവശ്യപ്പെടുന്നത് വയലുകളാണ്. എന്നാല്‍ ഒരു വിധത്തിലുള്ള നിലം നികത്തലും അനുവദിക്കില്ല. സിപിഐ തൊടുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ ഹാളില്‍ നടന്ന വഴിത്തല ഭാസ്‌കരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.നിലം നികത്തലിനു കൂട്ടുനില്‍ക്കുന്നത് നാടിനോട് ചെയ്യുന്ന ക്രൂരതയാണ്. ശക്തമായ മഴയില്ലാതെ തന്നെ തോടുകളും പുഴകളും നിറഞ്ഞ് വെള്ളം നമ്മുടെ കിടപ്പറ തേടി വരുമെന്ന് ആരും ഓര്‍ത്തിട്ടുണ്ടാവില്ല. ആഗോള താപനം കഴിഞ്ഞെന്നും ഇനി അന്തരീക്ഷം തിളയ്ക്കുന്ന കാലമാണ് വരാന്‍ പോകുന്നതെന്നും കാലാവസ്ഥ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നമ്മുടെ വയലും പുഴയും എല്ലാം സംരക്ഷിക്കപ്പെടണം.

പ്രകൃതി നശിപ്പിക്കാന്‍ ഒരു കര്‍ഷകനും ഒരിടത്തും ഇറങ്ങുന്നില്ല. കര്‍ഷകന്റെ പേരുപറഞ്ഞു ചിലരൊക്കെ ഇറങ്ങാന്‍ ശ്രമിക്കുന്നു. കൃഷിക്കാരെയും കൃഷിയെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇത്തവണത്തെ വേനലില്‍ ഇടുക്കിയിലെ ഏലം കൃഷി വലിയ തോതില്‍ കരിഞ്ഞുണങ്ങി. കൊടുംവരള്‍ച്ചയുണ്ടായ 1983-84 കാലത്തു പോലും ഏലത്തിനെ ബാധിച്ചിരുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. അവര്‍ക്ക് സഹായം അത്യന്താപേക്ഷിതമാണ്.ബജറ്റില്‍ വകകൊള്ളിച്ചതിനേക്കാള്‍ എത്രയോ ഇരട്ടിയുണ്ടെങ്കിലേ ഈ കര്‍ഷകരെ ചെറുതായെങ്കിലും സഹായിക്കാന്‍ പറ്റൂ. കേരളത്തിനു പുറത്തു നിന്ന് പച്ചക്കറി കൊണ്ടുവന്ന് വിലക്കയറ്റം പിടിച്ചുനിര്‍ത്തേണ്ടതുണ്ട്. എന്നാല്‍, നമ്മുടെ നാട്ടിലെ കര്‍ഷകരുടെ ഉത്പന്നങ്ങങ്ങള്‍ക്ക് നല്ല വില ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ ഇച്ഛയെ പ്രതിഫലിപ്പിക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കഴിയണം. അതിന് സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും പക്ഷം ചേരേണ്ടതുണ്ട്. മുന്‍ഗണനകളില്‍ ആരുടെ മുഖമാണ് ഏറ്റവും സ്വാധീനിക്കുകയെന്നത് പ്രധാനമാണ്. അധികാരവുമായി ബന്ധപ്പെട്ട് നില്‍ക്കുമ്പോള്‍ ചങ്ങാത്തത്തിന് ഒരുപാട് ആളുകള്‍ വരും. ഓരോ സമയത്തും മുന്‍ഗണനകളില്‍ മാറ്റം വരുത്തേണ്ടകാര്യം കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇല്ല. പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച വഴിത്തല ഭാസ്‌കരന്‍ എല്ലാ കമ്മ്യൂണിസ്റ്റുകാര്‍ക്കും മാതൃകയാണെന്നും പി പ്രസാദ് പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!