Thodupuzha

ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ  നിയമിക്കാനുള്ളതീരുമാനം പിന്‍വലിക്കണം: റാങ്ക് ഹോള്‍ഡര്‍സ്

തൊടുപുഴ : നവംബര്‍ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ അധ്യാപക ക്ഷാമം പരിഹരിക്കാന്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ജില്ലയിലെ എല്‍. പി.എസ്. എ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടു. നിലവില്‍ ജില്ലയിലെ പി.എസ്.സി പട്ടികയ്ക്ക് ഡിസംബര്‍ മാസം 27 വരെ കാലാവധി ഉണ്ട്. ലിസ്റ്റില്‍ ധാരാളം ഉദ്യോഗാര്‍ഥികളും ഉണ്ട്. ജില്ലയിലെ പ്രൈമറി സ്‌കൂളുകളില്‍ ഇപ്പോള്‍ തന്നെ 33 ഹെഡ്മാസ്റ്റര്‍മാരുടെ ഒഴിവുകള്‍ ഉണ്ട്. ഇത്തരത്തില്‍ ഹെഡ്മാസ്റ്റര്‍ പ്രമോഷന്‍ നടക്കുമ്പോള്‍ ഉണ്ടാകുന്ന ഒഴിവുകള്‍ ഉള്‍പ്പടെ 50 ല്‍ പരം ഒഴിവുകള്‍ നില നില്‍ക്കുമ്പോഴും പി.എസ്.സി ലിസ്റ്റില്‍ ഉദ്യോഗാര്‍ഥികള്‍ ഉണ്ടായിട്ടും ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാനുള്ള നീക്കം ഉദ്യോഗാര്‍ഥികളോട് കാട്ടുന്ന വഞ്ചനയാണ്. നിലവിലുള്ള ഒഴിവില്‍ പി.എസ്.സി റൊട്ടേഷന്‍ അനുസരിച്ച് റാങ്ക് പട്ടികയില്‍ നിന്നും അധ്യാപകരെ നിയമിക്കാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് ബ്ലെസി എം. രാജു അധ്യക്ഷത വഹിച്ചു. ക്രിസ്റ്റി ബെന്‍, ബിനു കൊച്ചുചെറുക്കന്‍, സുനില്‍ കുമാര്‍ ടി.പി, സുനിത സി.കെ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!