Local LiveMoolammattam

മൂലമറ്റം മേഖലയില്‍ ഡെങ്കിപനിപടര്‍ന്ന് പിടിക്കുന്നു

മൂലമറ്റം: മൂലമറ്റം മേഖലയില്‍ ഡെങ്കിപനിപടര്‍ന്ന് പിടിക്കുന്നു. നിലവില്‍ 11 പേര്‍ക്ക് ഡെങ്കിപനി സ്ഥിരീകരിച്ചു. നിരവധി ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലും ജനങ്ങള്‍ ഗൗരവം ഉള്‍ക്കൊള്ളാത്തതിനാലും പതിപ്പള്ളി വാര്‍ഡിലെ വിവിധ ഊരുകളില്‍ ജനകീയ ശുചീകരണ പ്രവര്‍ത്തനം നടത്തി. 3 ദിവസങ്ങളായി പനി ഏറെ റിപ്പോര്‍ട്ട് ചെയ്ത ചേറാടി ഊരില്‍ അറക്കുളം പഞ്ചായത്തിലെ മുഴുവന്‍ആരോഗ്യ പ്രവര്‍ത്തകരും രംഗത്തുണ്ട്.വീടുകള്‍ തോറും കയറി ഇറങ്ങി ശുചീകരണം നടത്തിയും, വീട്ടുകാരെ അസുഖത്തിന്റെ ഗൗരവം പറഞ്ഞും വീടും പരിസരവും ശുചീകരിക്കുവാന്‍ നിര്‍ദേശം നല്‍കിയും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരികയാണ്.

തൊഴിലുറപ്പ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മേമുട്ടം, പുളിക്ക കവല, തെക്കുംഭാഗം, ആശ്രമം പ്രദേശങ്ങളില്‍ കൊതുകുകള്‍ ഏറ്റവും അധികം മുട്ടയിടുന്ന മരങ്ങളില്‍ ഉണങ്ങി നില്‍ക്കുന്ന കൊക്കോ കായ്കള്‍ പറിച്ച് നശിപ്പിച്ചും റബര്‍ ചിരട്ടകള്‍, ടയറുകള്‍, കുപ്പികള്‍, പഴയ പാത്രങ്ങള്‍, ടാങ്കുകള്‍ അടക്കം വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യത ഉള്ള എല്ലാ പ്രതലങ്ങളും നശിപ്പിച്ചും, ശുചീകരിച്ചും നടത്തിയ മെഗാശുചീകരണ പ്രവര്‍ത്തനം ഏറെ ഗുണകരമായി. എല്ലാ ദിവസവും ഉച്ചഭക്ഷണത്തിന് ശേഷം നടന്നതും നടത്താനുള്ളതുമായ കാര്യങ്ങള്‍ അവലോകനം നടത്താറുമുണ്ട്.

ചേറാടി ഊര് മൂപ്പന്‍ പുരുഷോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ് കെ.എസ് വിനോദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍  ഡോ.സരള പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശം നല്‍കി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷിബു ജോസഫ്, പഞ്ചായത്ത് സെക്രട്ടറി സുബൈര്‍, അറക്കുളം മെഡിക്കല്‍ ഓഫീസര്‍ ഡോ.
ചിന്റു ടോജന്‍, ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മന്നന്‍ പിള്ള, അറക്കുളം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ആരോഗ്യ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.
ഡെങ്കിപ്പനി മുന്നറിയിപ്പുമായി വാര്‍ഡിലാകമാനം മൈക്ക് അനൗണ്‍സ്മെന്റ്, ഫോഗിങ്ങ്, സൗജന്യ രക്ത പരിശോധന, കൊതുകുകളുടെ മുട്ട നശിപ്പിക്കുന്ന ഗ്രാന്യൂകള്‍ നിക്ഷേപിക്കല്‍ തുടങ്ങി ഡെങ്കിപ്പനി വ്യാപനത്തിനെതിരെ പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്.

Related Articles

Back to top button
error: Content is protected !!