IdukkiLocal Live

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി : ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ഇടുക്കി : ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനിക്കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണ മെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. ജനങ്ങള്‍ കൊതുക് വളരുന്നതിനുള്ള സാഹചര്യം വീടുകളിലോ,പരിസരപ്രദേശങ്ങളിലോ ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ജലക്ഷാമമുള്ള ഏരിയകളില്‍ വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങളില്‍ കൊതുക് വളരാന്‍ സാദ്ധ്യതയുള്ളതിനാല്‍ വെള്ളം മൂടിവച്ച് ഉപയോഗിക്കണം. ഇടവിട്ട് ചില സ്ഥലങ്ങളില്‍ വേനല്‍മഴ പെയ്യുന്നതിനാല്‍ വീടിന്റെ പുറത്തും അടുത്തുള്ള പറമ്പുകളിലും മഴവെള്ളം (ശുദ്ധജലം) കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പാക്കണം.ഫ്രിഡ്ജിന്റെ പുറകില്‍,ഇന്‍ഡോര്‍ പ്ലാന്റ്സ്, എന്നിവയാണ് വീടിന്റെ ഉള്ളിലെ പ്രധാന ഉറവിടങ്ങള്‍.

വേനല്‍ മഴ തുടങ്ങിയതിനാല്‍ വീടിന്റെ പരിസരങ്ങളില്‍ അലക്ഷ്യമായി കിടക്കുന്ന കുപ്പി,പാട്ട,ചിരട്ട, പ്ലാസ്റ്റിക് മാലിന്യങ്ങള്‍,കളിപ്പാട്ടങ്ങള്‍, റബര്‍ ടാപ്പിംഗ് ചിരട്ടകള്‍, കൊക്കോ തോടുകള്‍, കമുകിന്റെ പോളകള്‍, വീടിന്റെ സണ്‍ ഷെയ്ഡുകള്‍, വെള്ളം നിറച്ച അലങ്കാര കുപ്പികള്‍ ഉപയോഗശൂന്യമായ ടാങ്കുകള്‍, ടയറുകള്‍,വിറക് മൂടുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍,പാറയുടെ പൊത്തുകള്‍, മുളങ്കുറ്റികള്‍, കുമ്പിള്‍ ഇലകളോടുകൂടിയ ചെടികള്‍, മരപ്പൊത്തുകള്‍ തുടങ്ങി ഒരു സ്പൂണില്‍ താഴെ വെള്ളം പോലും ഒരാഴ്ചതുടര്‍ച്ചയായി കെട്ടി നില്‍ക്കുകയാണെങ്കില്‍ ഡെങ്കിപ്പനി പരത്തുന്ന കൊതുക് വളരുന്ന സാഹചര്യമുണ്ട്്.

അവ ഇല്ലാതാക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതിനുള്ള ശ്രദ്ധ നല്‍കേണ്ടതാണ്. ഇത്തരം സാഹചര്യങ്ങള്‍ പരിശോധിച്ച് ഒഴിവാക്കുന്നതിന് ആഴ്ചയില്‍ ഒരു ദിവസം (വെള്ളി-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,ശനി-ഓഫീസുകള്‍,ഞായര്‍-വീടുകള്‍) വിനിയോഗിച്ച്
ഡ്രൈഡേ ആചരിക്കണമെന്നും, കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.മനോജ് എല്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.ജോബിന്‍ ജി ജോസഫ് എന്നിവര്‍ അറിയിച്ചു. പനി ഉണ്ടായാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടേണ്ടതാണെന്നും സ്വയംചികിത്സ ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!