ChuttuvattomThodupuzha

കൈവശ ഭൂമിയ്ക്ക് പട്ടയം നിഷേധിക്കുന്നു: വയോധികയായ വീട്ടമ്മയുടെ ഒറ്റയാള്‍ സമരം തുടരുന്നു

തൊടുപുഴ: കൈവശ ഭൂമിയ്ക്ക് പട്ടയം നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് വയോധികയായ വീട്ടമ്മ തൊടുപുഴ താലൂക്ക് ഓഫീസിനു മുന്നില്‍ ആരംഭിച്ച ഒറ്റയാള്‍ സമരം തുടരുന്നു. ആലക്കോട് കലയന്താനി കുറിച്ചിപ്പാടം ആലയ്ക്കല്‍ അമ്മിണി (73) യാണ് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ തഹസില്‍ദാരുടെ ഓഫീസിനു മുന്നില്‍ സമരം നടത്തുന്നത്. നവകേരള സദസില്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് അമ്മിണി ബുധനാഴ്ച മുതല്‍ സമരമാരംഭിച്ചത്. ഇവരുടെ കൈവശ ഭൂമിക്ക് പട്ടയം നല്‍കാമെന്ന് ആലക്കോട് വില്ലേജ് ഓഫീസ് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അപേക്ഷ താലൂക്ക് ഓഫീസില്‍ കെട്ടികിടക്കുകയാണ്.

ചൊവ്വാഴ്ച തൊടുപുഴ തഹസില്‍ദാര്‍ എ.എസ്.ബിജിമോളുടെ നേതൃത്വത്തില്‍ സര്‍വേയര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതിനിടെ സംഭവത്തില്‍ റവന്യു മന്ത്രിയുടെ ഓഫീസ് ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി. ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറുമെന്നും തഹസില്‍ദാര്‍ അറിയിച്ചു. കോടതിയില്‍ കേസ് നില നില്‍ക്കുന്നതാണ് അമ്മിണിക്ക് പട്ടയം ലഭിക്കാന്‍ തടസമെന്നാണ് റവന്യു അധികൃതര്‍ പറയുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട ചില കേസുകളില്‍ വിധി ഉണ്ടായിരുന്നു. ഈ വിധി പകര്‍പ്പുകള്‍ പരിശോധിച്ച ശേഷമെ പട്ടയം നല്‍കാനാവു എന്നതിനാല്‍ കാലതാമസം എടുക്കുമെന്നും തഹസില്‍ദാര്‍ പറഞ്ഞു. സ്ഥലത്തെ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ഇരു കൂട്ടരോടും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമാകാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് അമ്മിണിയുടെ നിലപാട്. ഇന്നലെ വൈകുന്നേരം അവസാനിപ്പിച്ച സമരം ഇന്നു രാവിലെ 10ന്‌
വീണ്ടും ആരംഭിച്ചു.

1975 മുതല്‍ കലയന്താനി പാത്തിക്കപ്പാറ ഭാഗത്ത് സര്‍ക്കാര്‍ തരിശ് ഭൂമിയില്‍ താമസിച്ചു വരുന്നതാണ് അമ്മിണിയും കുടുംബവും. പട്ടയം ലഭിക്കുന്നതിന് നിരവധി അപേക്ഷകള്‍ നല്‍കിയിരുന്നെങ്കിലും ഇതു വരെയും നടപടിയായിട്ടില്ല. ഇതിനിടെ അയല്‍വാസി ആകെയുണ്ടായിരുന്ന സ്ഥലം കൈയേറുകയും ചെയ്തു. ആകെയുള്ള കിടപ്പാടത്തിന് പട്ടയം ലഭിക്കുന്നതിനായാണ് അമ്മിണി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നത്. ഇക്കാര്യത്തില്‍ റവന്യു ഉദ്യോഗസ്ഥരും എതിര്‍ കക്ഷിക്കനുകൂലമായി നിലപാടെടുത്തെന്നും ഇവര്‍ ആരോപിച്ചു.

 

 

 

Related Articles

Back to top button
error: Content is protected !!