ChuttuvattomThodupuzha

കോലാനി അമരംകാവ് ദേവീക്ഷേത്രത്തില്‍ ഇന്ന് മുതല്‍ 22 വരെ ദേവീ ഭാഗവത നവാഹ യജ്ഞം

തൊടുപുഴ: കോലാനി അമരംകാവ് ദേവീക്ഷേത്രത്തില്‍ 13 മുതല്‍ 22 വരെ ദേവീ ഭാഗവത നവാഹം നടക്കും. ക്ഷേത്രം തന്ത്രി കാവനാട് രാമന്‍ നമ്പൂതിരി മുഖ്യആചാര്യനായി നടക്കുന്ന നവാഹയജ്ഞത്തിന്റെ ഉദ്ഘാടന സദസില്‍ ആഴ്വാഞ്ചേരി കൃഷ്ണന്‍ തമ്പ്രാക്കള്‍ അധ്യക്ഷത വഹിയ്ക്കും. ഗുരുവായൂര്‍ മുന്‍മേല്‍ശാന്തിയും സാമവേദ പണ്ഡിതനുമായ ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരി നവാഹം ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി കാവനാട് പരമേശ്വരന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. 21ന് വൈകിട്ട് 7.30ന് നടക്കുന്ന പരിസ്ഥിതി സംരക്ഷണ സെമിനാറില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് മുഖ്യാതിഥിയായി പങ്കെടുക്കും.

പ്രമുഖ ഗാന്ധിയനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ശ്രീമന്‍ നാരായണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. റിട്ട. ഡി.എഫ്.ഒയും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ. എന്‍.സി. ഇന്ദുചൂഢന്‍ മുഖ്യപ്രഭാഷണം നടത്തും. ‘അമരംകാവിന്റെ ജൈവ വൈവിധ്യം’ എന്ന വിഷയത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകനും പക്ഷിനിരീക്ഷകനുമായ കെ.എന്‍. കൗസ്തുഭ് പഠനക്ലാസ് നടത്തും. പൂജിച്ച വൃക്ഷ, സസ്യതൈകളുടെ വിതരണവുമുണ്ടാകും. നാഗാര്‍ജ്ജുന ഹെര്‍ബല്‍ ഗാര്‍ഡന്‍ നടത്തുന്ന സസ്യപ്രദര്‍ശനവും അമരംകാവിലെ അപൂര്‍വ്വയിനം പക്ഷി സമ്പത്തിന്റെ ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. 23ന് രാവിലെ 10.30 മുതല്‍ 12.30വരെ ആരോഗ്യ സംരക്ഷണത്തില്‍ ഭക്ഷണത്തിന്റെയും ആയുര്‍വേദത്തിന്റെയും പ്രസക്തി എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാര്‍ ധന്വന്തരി ആയുര്‍വേദ ആശുപത്രി ചീഫ് ഫിസിഷ്യന്‍ ഡോ. സതീഷ്‌കുമാര്‍, ശ്രീധരീയം സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. അഞ്ജലി ശ്രീകാന്ത്, നാഗാര്‍ജ്ജുന ഡയറക്ടര്‍ ഡോ. സി.എസ്. കൃഷ്ണകുമാര്‍, ഗവ. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് കാവുംപുറത്ത് എന്നിവര്‍ പങ്കെടുക്കും. വിഷ്ണു നമ്പൂതിരി ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ശ്രീനാഥ് വിഷ്ണു സെമിനാര്‍ നയിക്കും.

14 മുതല്‍ 22 വരെ നടക്കുന്ന ദേവീഭാഗവത പാരായണ പ്രഭാഷണ ദിനങ്ങളില്‍ രാവിലെ 6.30ന് ലളിതാസഹസ്രനാമ ജപത്തോടെ ചടങ്ങുകള്‍ ആരംഭിയ്ക്കും. വിവിധ ദിവസങ്ങളിലായി നവഗ്രഹപൂജ, മൃത്യുജ്ഞയഹോമം, ഗായത്രീഹോമം, സര്‍വ്വൈശ്വര്യപൂജ, ഉമാമഹേശ്വരപൂജ, ശ്രീദുര്‍ഗ്ഗാപരമേശ്വരീപൂജ, മഹാകാളീപൂജ, കുമാരിപൂജ, സരസ്വതിസേവ എന്നിവ ഉണ്ടാകും. നവാഹത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് ഒന്ന് മുതല്‍ 2.30 വരെയും വൈകിട്ട് എട്ട് മുതലും വിവിധ കലാപരിപാടികള്‍ ഉണ്ടാകും. വിജയദശമിദിനമായ 24ന് വിദ്യാരംഭം കുറിക്കുന്നതിനും വേദിയില്‍ അരങ്ങേറ്റം നടത്തുന്നതിനും സൗകര്യമുണ്ടാകും. യജ്ഞവേദിക്ക് സമീപം, എല്ലാദിവസവും രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ യജ്ഞത്തില്‍ പങ്കെടുക്കാനെത്തുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും ഭക്ഷണസൗകര്യം ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!