ChuttuvattomThodupuzha

ജില്ലയിലെ സ്‌കൂള്‍ കലോത്സവങ്ങള്‍ അഴിമതി നിറഞ്ഞത് : ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്സ് യൂണിയന്‍ ജില്ലാ കമ്മിറ്റി

തൊടുപുഴ : ജില്ലയിലെ സ്‌കൂള്‍ കലോത്സവങ്ങള്‍ അഴിമതി നിറഞ്ഞതാണെന്ന് ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്സ് യൂണിയന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. കലോത്സവങ്ങളില്‍ ഇടപെടുന്ന ലോബികളെ സംബന്ധിച്ച് പല തവണ അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്സ് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. കലോത്സവത്തില്‍ വിധി നിര്‍ണയത്തിന് പോകുന്ന അധ്യാപകര്‍ ഇത്തരം ലോബികളുടെ അനധികൃത ഇടപാടുകളുടെ ബലിയാടാവുകയാണ്.തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റി കലോത്സവം നിര്‍ത്തി വയ്ക്കേണ്ടി വരികയും കോഴ വിവാദ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അധ്യാപകന്‍ ജീവനൊടുക്കേണ്ട ഗതിയുമുണ്ടായി.

ഇതില്‍ ലോബികളുടെ ഇടപെടലുകള്‍ ഉണ്ടായതിനെ സംബന്ധിച്ച് സംഘടനയുടെ പക്കല്‍ തെളിവുകളുണ്ട്. തങ്ങള്‍ നിര്‍ദേശിക്കുന്ന കുട്ടികള്‍ക്ക് സമ്മാനം നല്‍കണമെന്ന സന്ദേശം ഇവര്‍ വിധികര്‍ത്താക്കള്‍ക്ക് അയച്ചിരുന്നു. ഇത്തരം തെളിവുകള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറും. ജീവനൊടുക്കിയ അധ്യാപകന്‍ ബലിയാടാവുകയായിരുന്നെന്നാണ് തങ്ങള്‍ കരുതുന്നത്. കേരള യുണിവഴ്സിറ്റി കലോത്സവത്തില്‍ കോഴ വിവാദത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ഒരാള്‍ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വിധി കര്‍ത്താവായിരുന്നു. നീതിയുക്തമായി കലോത്സവങ്ങള്‍ നടത്താനുള്ള നടപടികള്‍ ഉണ്ടാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!