Thodupuzha

തൊടുപുഴയും പരിസരവും ലഹരിഹബ്ബായി; പിടികൂടാന്‍ ബ്രൂസോ രംഗത്ത്

തൊടുപുഴ: അടുത്ത കാലത്ത്‌ തൊടുപുഴയും പരിസരവും കഞ്ചാവും എം.ഡി.എം.എയും ഉള്‍പ്പെടെയുള്ള ലഹരിവസ്‌തുക്കളുടെ ഹബ്ബായി മാറിയ അവസ്‌ഥയിലാണ്‌.വിദ്യാര്‍ഥികളും യുവാക്കളും സ്‌ത്രീകളും ഉള്‍പ്പെടെ നിരവധിയാളുകളാണ്‌ ഇവയുടെ ഉപയോക്‌താക്കളും വാഹകരുമായി മാറിയത്‌. ഇതേത്തുടര്‍ന്ന്‌ പോലീസും എക്‌സൈസും ശക്‌തമായ റെയ്‌ഡും ആരംഭിച്ചു. പരിശോധനയ്‌ക്കിടെ വന്‍തോതിലാണ്‌ മയക്കുമരുന്നുകള്‍ പിടികൂടിയത്‌.
ഡസണ്‍ കണക്കിനാളുകള്‍ വിവിധ സംഭവങ്ങളില്‍ അറസ്‌റ്റിലുമായി. ഇതോടെ ലഹരി മാഫിയാ സംഘങ്ങള്‍ മയക്കുമരുന്ന്‌ എത്തിക്കുന്നതിന്റെയും സൂക്ഷിക്കുന്നതിന്റെയും സ്‌ഥിരം ശൈലി മാറ്റി. ചെറിയ അളവിലും പല സ്‌ഥലങ്ങളിലുമായി സൂക്ഷിക്കലും ഉപയോഗിക്കലുമൊക്കെയാക്കി. ഇക്കാര്യം മനസിലാക്കിയ അനേ്വഷണ സംഘവും അടവുമാറ്റി. ഇതിലൊരു തന്ത്രവുമായാണ്‌ തൊടുപുഴ ഡിവൈ.എസ്‌.പി എം.ആര്‍. മധുബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം കഴിഞ്ഞ ദിവസം രാത്രി പരിശോധനക്കിറങ്ങിയത്‌.
ലഹരിവസ്‌തുക്കള്‍ മണത്ത്‌ കണ്ടുപിടിക്കാന്‍ കഴിവുള്ള പോലീസ്‌ നായ ബ്രൂസോയേയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. പാഴ്‌സലായി ലഹരി മരുന്നുകള്‍ എത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന്‌ ടൗണിലെയും പരിസര പ്രദേശങ്ങളിലേയും കൊറിയര്‍ സര്‍വീസ്‌ സ്‌ഥാപനങ്ങളിലായിരുന്നു ബ്രൂസോയെ ഉപയോഗിച്ചുള്ള ആദ്യ പരിശോധന. സംശയം തോന്നിയതിനെ തുടര്‍ന്ന്‌ ഒരു കൊറിയര്‍ സര്‍വീസ്‌ സെന്ററില്‍നിന്ന്‌ പാഴ്‌സലുകള്‍ കസ്‌റ്റഡിയില്‍ എടുത്തു. തുടര്‍ന്ന്‌ കോളജ്‌ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്‌റ്റലുകളിലെത്തി. പരിശോധനക്കെത്തുന്ന പോലീസ്‌ ഉദ്യോഗസ്‌ഥരെ കബളിപ്പിച്ച്‌ വിദഗ്‌ധമായി ലഹരിവസ്‌തുക്കള്‍ ഒളിപ്പിക്കുന്നവര്‍ക്ക്‌ ബ്രൂസോയുടെ മുന്നില്‍ പണി പാളി.
ഹോസ്‌റ്റല്‍ മുറിയില്‍ ഒളിപ്പിച്ച്‌ വച്ച 60 ഗ്രാമോളം കഞ്ചാവ്‌ ബ്രൂസോ വിദഗ്‌ധമായി കണ്ടെത്തി. ഈ സംഭവത്തില്‍ രാജകുമാരി കടുക്കാസിറ്റി പറപ്പിള്ളില്‍ നിക്‌സണ്‍ ജോസഫ്‌ (21), ആലപ്പുഴ കൃഷ്‌ണപുരം പുള്ളിക്കണക്ക്‌ രത്‌നഗിരിയില്‍ യദു ശശിധരന്‍ (22), ആലപ്പുഴ ഗോവിന്ദമുട്ടം പാലാഴി  ശ്രീറാം മഹീന്ദ്രന്‍ (23) എന്നിവരെ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു.
കഞ്ചാവിന്റെ നേരിയ ഗന്ധം പോലും തിരിച്ചറിഞ്ഞ്‌ കണ്ടെത്താന്‍ മിടുക്കനാണ്‌ ഇടുക്കി ഡോഗ്‌ സ്‌ക്വാഡിലെ അംഗമായ ബ്രൂസോ. ഈ ഒമ്ബത്‌ വയസുകാരനായ നായ ഇടുക്കി പോലീസിന്റെ മുതല്‍ക്കൂട്ടാണ്‌. അടുത്തവര്‍ഷം സര്‍വീസില്‍നിന്ന്‌ വിരമിക്കുകയാണ്‌ ബ്രൂസോ. വാഹന പരിശോധനയ്‌ക്കും
സ്‌കൂള്‍ കോളജ്‌ പരിസരം പരിശോധിക്കുന്നതിനും ബ്രൂസോയുടെ സേവനം തുടര്‍ച്ചയായി തേടുമെന്ന്‌ ഡിവൈ.എസ്‌.പി പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!