ChuttuvattomThodupuzha

ആദ്യ ദിനം നിരാശ, പുള്ളിപുലി കുടുങ്ങിയില്ല

തൊടുപുഴ : ഇല്ലിചാരി മലയിലും പരിസരങ്ങളിലും കണ്ട പുള്ളിപ്പുലി ആദ്യ ദിനം കൂട്ടിലകപ്പെട്ടില്ല. ഇന്നലെ രാവിലെ പരിസരത്ത് താമസിക്കുന്നവരും വനം വകുപ്പധികൃതരും സ്ഥലത്ത് നിരീക്ഷണം നടത്തിയെങ്കിലും കെണിയില്‍ പുലി കുടുങ്ങിയില്ല. ഇതിനിടെ തിങ്കളാഴ്ച പുലര്‍ച്ചെയും പ്രദേശവാസികള്‍ പുലിയെ കണ്ടിരുന്നു. എന്നാല്‍ ഇന്നലെ പുലിയെ കണ്ടതായി ആര്‍ക്കും വിവരം ലഭിച്ചിട്ടില്ല. പ്രദേശത്ത് ഏതാനും കിലോമീറ്ററുകളിലായി ചുറ്റിത്തിരിയുന്ന പുലി സ്ഥിരമായി കാണുന്ന സ്ഥലത്തേക്ക് എത്തുമെന്ന നിഗമനത്തിലാണ് വനം വകുപ്പ് അധികൃതര്‍. വരുന്ന ഏതാനും ദിവസത്തിനുള്ളില്‍ പുലി കെണിയില്‍ കുടുങ്ങുമെന്ന പ്രതീക്ഷയാണുള്ളത്.

കഴിഞ്ഞ ഒന്നര മാസക്കാലമായി കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളുടെ അതിര്‍ത്തിയായ ഇല്ലിചാരി മലയിലും സമീപ പ്രദേശങ്ങളിലും ജനങ്ങള്‍ക്കിടയില്‍ ഭീതി വിതക്കുകയാണ് പുലി. നാട്ടുകാരുടെ നിരവധി വളര്‍ത്ത് മൃഗങ്ങളെ കൊന്ന് തിന്നുകയും പ്രദേശവാസികള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമുണ്ടാകുകയും ചെയ്തതോടെയാണ് കഴിഞ്ഞ ദിവസം വനംവകുപ്പ് പുലിയെ പിടികൂടുന്നതിനായി കെണിയൊരുക്കി കൂട് സ്ഥാപിച്ചത്. ഇല്ലിചാരി മലയുടെ ഏറ്റവും മുകളിലായി പുലിയുടെ സാന്നിദ്ധ്യം നിരവധി തവണയുണ്ടായ സ്ഥലത്താണ് ചത്ത കോഴിയെ സ്ഥാപിച്ച് കൂട് സജ്ജീകരിച്ചിരിക്കുന്നത്.

 

 

Related Articles

Back to top button
error: Content is protected !!