ChuttuvattomThodupuzha

തെരഞ്ഞെടുപ്പും ഫല പ്രഖ്യാപനവും പൂര്‍ത്തിയായി ; സ്പെഷല്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് വേതനം നല്‍കിയില്ലെന്ന് പരാതി

തൊടുപുഴ : ലോക്‌സഭാ തെരഞ്ഞെടുപ്പും അതിന്റെ ഫല പ്രഖ്യാപനവും പൂര്‍ത്തിയായെങ്കിലും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി താത്കാലികമായി നിയമിച്ച സ്പെഷല്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് വേതനം നല്‍കിയില്ലെന്ന് പരാതി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്നര മാസത്തോളമായിട്ടും ഇവര്‍ക്ക് നല്‍കുമെന്നറിയിച്ച വേതനം നല്‍കാന്‍ അധികൃതര്‍ തയാറാകാത്തതാണ് പരാതിക്കിടയാക്കിയത്. എസ്പിസി, എന്‍സിസി, എക്സ് സര്‍വീസ് എന്നീ വിഭാഗങ്ങളില്‍ നിന്നായി ഇടുക്കി ജില്ലയില്‍ മാത്രം 900-ത്തോളം പേരെയാണ് നിയോഗിച്ചത്. ഇവര്‍ക്ക് രണ്ടു ദിവസത്തെ വേതനമായി 2600 രൂപ വീതമാണ് നല്‍കേണ്ടത്. മുന്‍ വര്‍ഷങ്ങളില്‍ തെരഞ്ഞെടുപ്പ് കഴിയുന്ന ദിവസം തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ വൗച്ചറില്‍ ഒപ്പിട്ട് വേതനം നല്‍കുകയായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ വേതനം നല്‍കാത്ത സാഹചര്യത്തില്‍ ഡ്യൂട്ടി ചെയ്ത പലരും ഇതു സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ ഇതിനായുള്ള ഫണ്ട് ലഭ്യമായില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഫണ്ട് ലഭ്യമല്ലാത്തതിനാലാണ് എസ്പിഒമാര്‍ക്ക് വേതനം കൊടുക്കാന്‍ വൈകുന്നതെന്ന മറുപടിയാണ് പോലീസ് ഡിപ്പാര്‍ട്ട്മെന്റും നല്‍കുന്നത്.

പരസ്പരം കൈയ്യൊഴിഞ്ഞ് അധികൃതര്‍

ഇടുക്കി കളക്ടറേറ്റില്‍ ബന്ധപ്പെട്ടപ്പോള്‍ ഡ്യൂട്ടിക്ക് നിയോഗിച്ച പോലീസ് വകുപ്പാണ് വേതനം തരേണ്ടതെന്ന മറുപടി ലഭിച്ചു. തിരുവനന്തപുരം ചീഫ് ഇലക്ഷന്‍ ഓഫീസില്‍ വിളിച്ച് അന്വേഷിച്ചപ്പോഴും സമാനമായ മറുപടിയാണ് ലഭിച്ചതെന്ന് ഡ്യൂട്ടി ചെയ്തവര്‍ പറഞ്ഞു. തൊഴില്‍ രഹിതരായ യുവാക്കളാണ് എസ്പിഒ ഡ്യൂട്ടി ചെയ്തതില്‍ കൂടുതല്‍ പേരും. പലരും താത്കാലികാശ്വാസമെന്ന നിലയിലാണ് ജോലി ചെയ്തത്. എന്നാല്‍ ഇവര്‍ക്ക് ചെയ്ത ജോലിയ്ക്ക് എന്നു വേതനം കൊടുക്കും എന്നുപോലും അധികൃതര്‍ വ്യക്തമാക്കുന്നില്ല. ഫണ്ട് ലഭ്യമല്ലെന്ന് അധികൃതര്‍ പറയുമ്പോഴും തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത പ്രിസൈഡിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍, പോളിംഗ് അസിസ്റ്റന്റുമാര്‍ എന്നിവര്‍ക്കും, പോലീസ്, വനം, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കും ഒരാഴ്ചക്കുള്ളില്‍ തന്നെ വേതനം നല്‍കി. അതിനാല്‍ തങ്ങള്‍ക്കും ചെയ്ത ജോലിക്ക് നല്‍കാമെന്നേറ്റ വേതനം നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്തവരുടെ ആവശ്യം.

Related Articles

Back to top button
error: Content is protected !!