IdukkiLocal Live

ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷന്‍ വരുന്നു

ഇടുക്കി : ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. വാഗമണ്‍ മൊട്ടക്കുന്നിലും അഡ്വഞ്ചര്‍ പാര്‍ക്കിലും കൂടുതല്‍ ഇടിമിന്നല്‍ രക്ഷാചാലകങ്ങള്‍ സ്ഥാപിക്കാനും മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ കളക്റേറ്റില്‍ ചേര്‍ന്ന ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. വാഗമണ്‍ മൊട്ടക്കുന്ന് , അഡ്വഞ്ചര്‍ പാര്‍ക്ക്, ഏലപ്പാറ, പാറേമാവ്, പീരുമേട് അമിനിറ്റി സെന്ററുകള്‍, പാഞ്ചാലിമേട് വ്യൂ പോയിന്റ് , രാമക്കല്‍മേട് ടൂറിസം സെന്റര്‍, അരുവിക്കുഴി ടൂറിസം സെന്റര്‍, ശ്രീനാരായണപുരം റിപ്പിള്‍ വാട്ടര്‍ ഫാള്‍സ്, മൂന്നാര്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക്, കുമളി ഡിഡി ഓഫീസ് വളപ്പ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കൂടുന്നതും ഇതരസംസ്ഥാനങ്ങളില്‍നിന്നും മറ്റ് ജില്ലകളില്‍നിന്നുമുള്ള സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന പാഞ്ചാലിമേട് ടൂറിസം പദ്ധതി രണ്ടാം ഘട്ടം, ഇടുക്കിയിലെ എത്‌നിക് ടൂറിസം വില്ലേജ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി.

നിര്‍മ്മാണം പൂര്‍ത്തിയായ കുടിയേറ്റ സ്മാരകത്തോടനുബന്ധിച്ച് ജില്ലയുടെ ചരിത്രം വെളിവാക്കുന്ന ഡിജിറ്റല്‍ മ്യൂസിയം ഉടന്‍ സ്ഥാപിക്കും. ഇടുക്കി യാത്രി നിവാസിന്റെ നിര്‍മാണജോലികള്‍ പൂര്‍ത്തിയായെങ്കിലും ജലലഭ്യത ഉറപ്പാക്കാന്‍ ഭൂമിയുടെ ആവശ്യമുള്ളതിനാല്‍ ഇതിനുള്ള നടപടികള്‍ റവന്യു വകുപ്പ് സ്വീകരിക്കും. മലങ്കര ഡാമിനോടു ചേര്‍ന്ന് ചില്‍ഡ്രന്‍സ് പാര്‍ക്ക്, അരുവിക്കുഴി ടൂറിസം പദ്ധതി ഫേസ് 2 , മാട്ടുപ്പെട്ടി ഡാം വികസനവും സൗന്ദര്യവത്കരണവും ,ആലുങ്കപ്പാറ ടൂറിസം പദ്ധതി, രാമക്കല്‍മേട് ടൂറിസം പദ്ധതി നവീകരണം തുടങ്ങിയ പതിനാലോളം പദ്ധതികള്‍ക്ക് സമിതി അംഗീകാരം നല്‍കി. ഡിടിപിസി ജീവനക്കാരുടെ കുറഞ്ഞ വേതനം വര്‍ധിപ്പിക്കാനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. എംഎല്‍എമാരായ എം.എം.മണി, എ.രാജ ,ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്.ഷൈന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി.വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!