IdukkiThodupuzha

ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു

തൊടുപുഴ: കനത്ത മഴ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കൊപ്പം ജില്ലയില്‍ പകര്‍ച്ച വ്യാധികളും പിടിമുറുക്കുന്നു. ശക്തമായ മഴ ശമനമില്ലാതെ തുടരുന്നതിനിടെയാണ് പല പ്രദേശങ്ങളിലും പകര്‍ച്ചവ്യാധികള്‍ പടരുന്നത്. ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നതാണ് ഏറെ ആശങ്കാജനകം. പകര്‍ച്ച വ്യാധികള്‍ ബാധിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഇന്നലെ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കടുത്ത വേനലില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായെങ്കിലും മഴ ശക്തിപ്പെട്ടതോടെ നേരിയ തോതില്‍ കുറഞ്ഞു തുടങ്ങിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. എങ്കിലും ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. മനോജ് പറഞ്ഞു. മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിവിധ തലങ്ങളില്‍ നടന്നുവരികയാണ്.

ഉപ്പുതറ പുളിങ്കട്ട സ്വദേശിനിയായ പത്തു വയസുകാരി പനി ബാധിച്ചു മരിച്ച സംഭവത്തില്‍ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും ഇതു ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ മാസവും കൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ച് മാസം രോഗം സംശയിക്കുന്ന 76 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 40 കേസുകള്‍ സ്ഥിരീകരിച്ചു. ഏപ്രിലില്‍ രോഗം സംശയിക്കുന്നവരുടെ എണ്ണം 195 ആയി ഉയര്‍ന്നു. 54 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എന്നാല്‍ ഈ മാസം 19 വരെ രോഗം സംശയിക്കപ്പെടുന്നവരുടെ എണ്ണം 293 ആണ്. 25 പേര്‍ക്കാണ് ഇതിനോടകം രോഗബാധ സ്ഥിരീകരിച്ചത്. മഞ്ഞപ്പിത്തവും ഈ മാസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അഞ്ചു പേര്‍ക്ക് രോഗം സംശയിച്ചതില്‍ ഒരാള്‍ക്ക് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 11 പേര്‍ക്ക് സംശയിച്ചതില്‍ രണ്ടു പേര്‍ക്കാണ് സ്ഥിരീകരണം. മാര്‍ച്ചില്‍ ഏഴു പേര്‍ക്കു രോഗം സംശയിച്ചെങ്കിലും ഒരു കേസും റിപ്പോര്‍ട്ട് ചെയ്തില്ല. ഈ മാസം 10 പേര്‍ക്ക് മലേറിയയും പിടിപെട്ടു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് മലേറിയ ബാധ സ്ഥിരീകരിച്ചത്. ഒരു എലിപ്പനി കേസും റിപ്പോര്‍ട്ട് ചെയ്തു. ചിക്കന്‍പോക്‌സ് ഈ മാസം 24, ഏപ്രിലില്‍ 61, മാര്‍ച്ചില്‍ 42 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തത്.

കടുത്ത വേനല്‍ച്ചൂടില്‍ പനിബാധിതരുടെ എണ്ണവും കൂടിയിരുന്നു. മാര്‍ച്ചില്‍ 5085 പേരാണ് വൈറല്‍പ്പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. കഴിഞ്ഞ മാസം 5231 പേരും ഈ മാസം 3646 പേരും ചികിത്സ തേടിയിട്ടുണ്ട്. ഡെങ്കിപ്പനി വ്യാപനം തടയാന്‍ കര്‍ശന നടപടി: മന്ത്രി റോഷി ജില്ലയില്‍ ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ കൊതുക് നശീകരണ, മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. വേനല്‍ മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ മഴക്കാല, ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ ചേംബറില്‍ വിളിച്ചുചേര്‍ത്ത ജില്ലാതല വകുപ്പ് മേധാവികളുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യവകുപ്പ് ആശാവര്‍ക്കര്‍മാരുടെയും പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ജീവനക്കാരുടെയും അടിയന്തര ജില്ലാതല യോഗം ചേര്‍ന്ന് മഴക്കാലത്തുണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ ആവശ്യമായ മരുന്നുകള്‍ ശേഖരിക്കണമെന്നു യോഗം നിര്‍ദേശിച്ചു. റോഡുകളുടെ വശങ്ങളില്‍ കാഴ്ച മറയുന്ന രീതിയില്‍ വളര്‍ന്നു നില്‍ക്കുന്ന കുറ്റിക്കാടുകളും റോഡിലേക്ക് ചേര്‍ന്നു നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങളും മുറിച്ചു മാറ്റണം. നിലവിലുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ വൃത്തിയാക്കുന്നതിനും ആവശ്യമെങ്കില്‍ പുതിയവ സ്ഥാപിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. കഴിഞ്ഞയാഴ്ച ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയില്‍ മഴക്കാല, ദുരന്ത നിവാരണ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ഇതുസംബന്ധിച്ച തുടര്‍പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, സബ് കളക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍, എഡിഎം ബി. ജ്യോതി, ഡിഎംഒ ഡോ. എല്‍. മനോജ്, ജില്ലാതല വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!