ChuttuvattomThodupuzha

ഇടവെട്ടി കുട്ടിവനത്തിലെ കാഴ്ചകള്‍ ആസ്വദിക്കാം ; കേന്ദ്ര നഗരവനം പദ്ധതിയിലൂടെ ഒരുങ്ങുന്നത് നിരവധി അടിസ്ഥാന സൗകര്യങ്ങള്‍

തൊടുപുഴ: കേന്ദ്ര സര്‍ക്കാരിന്റെ നഗരവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടവെട്ടിയിലെ കുട്ടിവനത്തില്‍ നടപ്പാക്കുന്ന വികസന പദ്ധതികള്‍ ശ്രദ്ധേയമാകുന്നു. ആദ്യ ഘട്ടമായി വിവിധയിനം പ്ലാന്റുകള്‍ക്കൊപ്പം പുല്‍മേടും ചതുപ്പും യാഥാര്‍ത്ഥ്യമാക്കും. ഇതിന് പുറമേ വനത്തിലെ ശാന്ത സുന്ദരമായ അന്തരീക്ഷത്തില്‍ വാക് വേയും കഫറ്റീരിയയും ഇരിപ്പിടവും ഉള്‍പ്പെടെ സ്ഥാപിച്ച് പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കുന്നതാണ് പദ്ധതി. 12.5 ഹെക്ടര്‍ വിസ്തൃതിയുള്ള കുട്ടിവനം വനം വകുപ്പിന്റെ തൊടുപുഴ റേഞ്ചിന് കീഴില്‍ കുളമാവ് സെക്ഷന്‍ പരിധിയിലാണ് ഉള്‍പ്പെടുന്നത്. നൂറിലധികം വര്‍ഷം പഴക്കമുള്ള കൂറ്റന്‍ മരങ്ങള്‍, അപൂര്‍വ്വയിനം ചിത്രശലഭങ്ങള്‍, പക്ഷികള്‍ തുടങ്ങിയവയുടെ കലവറയാണ് ഇടവെട്ടി കുട്ടിവനം. സ്വാഭാവിക വനത്തിനുള്ളിലെ മനോഹര കാഴ്ച്ചകള്‍ കാണാന്‍ ഇനി എല്ലാവര്‍ക്കും അവസരമൊരുങ്ങും. നഗര വനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഞ്ചാരികള്‍ക്കായി നിരവധി അടിസ്ഥാന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്.

ടിക്കറ്റ് കൗണ്ടര്‍, എന്‍ട്രന്‍സ്, കഫറ്റീരിയ, ഇരിപ്പിടങ്ങള്‍, 500 മീറ്റര്‍ വാക്ക് വേ എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇതിന് പുറമേ 100 ബാംബു തൈകള്‍, നക്ഷത്ര വനം, 50 ബട്ടര്‍ഫ്‌ളൈ പ്ലാന്റേഷന്‍, 80 ഔഷധ സസ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി വിവിധയിനം പ്ലാന്റുകളും ഇവിടെ സജ്ജീകരിക്കുന്നുണ്ട്. ഇതൊടൊപ്പം വിശാലമായ പുല്‍മേടും ചതുപ്പും ഒരുക്കുന്നുണ്ട്. വനത്തിന്റെ സംരക്ഷണത്തിനായി കുട്ടിവനത്തിന് ചുറ്റും രണ്ട് കിലോമീറ്റര്‍ നീളത്തില്‍ സോളാര്‍ ഫെന്‍സിംഗും സ്ഥാപിക്കും. ജില്ലയില്‍ നടപ്പാക്കുന്ന ഏക നഗരവനം പദ്ധതിയാണ് ഇടവെട്ടിയിലേത്. ആദ്യ ഘട്ടത്തില്‍ 35 ലക്ഷം രൂപാ ചെലവഴിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തുന്നത്. 2020ല്‍ തുടങ്ങിയ നഗരവനം പദ്ധതി ഇന്ത്യയിലാകെ 385 ഇടങ്ങളില്‍ നടപ്പാക്കുന്നുണ്ട്. കേരളത്തില്‍ 25 നഗരങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിക്കായി 10.50 കോടി രൂപയാണ് നിലവില്‍ അനുവദിച്ചിരിക്കുന്നത്. തൊടുപുഴ പട്ടണത്തില്‍ നിന്നും കേവലം അഞ്ച് കിലോമീറ്റര്‍ മാത്രമാണ് ഇടവെട്ടി കുട്ടിവനത്തിലേക്കുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ നഗരവനം പദ്ധതി പൂര്‍ത്തിയാകുന്നതോടെ സഞ്ചാരികള്‍ ഇവിടെക്ക് ഒഴുകിയെത്തുമെന്ന് ഉറപ്പാണ്.

 

Related Articles

Back to top button
error: Content is protected !!