Thodupuzha

പഴുതടച്ച പ്രതിരോധവുമായി എക്‌സൈസ്; ജില്ലയില്‍ ലഹരി ഉപയോഗം കുറയുന്നു

തൊടുപുഴ: പഴുതടച്ച പ്രതിരോധവുമായി എക്‌സൈസ് പിടിമുറിക്കിയതോടെ ജില്ലയില്‍ ലഹരി ഉപയോഗം കുറയുന്നു. ഈ വര്‍ഷം ഡിസംബര്‍ ഇതുവരെ 5009 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ പകുതിയായപ്പോള്‍ കേസുകളുടെ എണ്ണം 6450 ആയിരുന്നു. പ്രകടമായ കുറവാണ് ലഹരി ഉപയോ?ഗത്തിലും വില്‍പനയിലും ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 822 അബ്കാരി, 604 മയക്കുമരുന്ന്, 3583 നിരോധിത പുകയില ഉല്‍പന്ന വിപണനം (കോട്പ) എന്നിങ്ങനെയാണ് കേസുകള്‍. കഴിഞ്ഞവര്‍ഷം അബ്കാരി കേസുകള്‍ 795 ആയിരുന്നു. മയക്കുമരുന്ന് കേസുകള്‍ 490ഉം നിരോധിത പുകയില വിപണനം 5165ഉം ആയിരുന്നു. ഈ വര്‍ഷത്തെ 822 അബ്കാരി കേസുകളിലായി 795 പേരെയും മയക്കുമരുന്ന് കേസുകളില്‍നിന്ന് 610 പേരെയും അറസ്റ്റ് ചെയ്തു. ജനുവരിയിലായിരുന്നു അബ്കാരി കേസുകള്‍ കൂടുതല്‍, 88. ഇവയില്‍ 80 പേരെ അറസ്റ്റ് ചെയ്തു.

മയക്കുമരുന്ന് കേസുകള്‍ കൂടിയത് ഓഗസ്റ്റില്‍, 66. 67 പേരെ അറസ്റ്റ് ചെയ്തു.

90.2 ലിറ്റര്‍ സ്പിരിറ്റ്, 320 ലിറ്റര്‍ ചാരായം, 2612ലിറ്റര്‍ വിദേശമദ്യം, 26 ലിറ്റര്‍ കള്ള്, 20.7 ലിറ്റര്‍ അരിഷ്ടം, 813 ഗ്രാം ഹാഷിഷ് ഓയില്‍, 33.5 കിലോ കഞ്ചാവ്, 128 ലിറ്റര്‍ ബീര്‍, 7890 ലിറ്റര്‍ വാഷ് എന്നിവയും പിടിച്ചെടുത്തു. എം.ഡി.എം.എ, എല്‍.എസ്.ഡി, മെത്താംഫിറ്റമിന്‍ എന്നിവ 30.05 ഗ്രാമും 2.883 മില്ലീ ഗ്രാം ചരസും 33.36 കിലോ പുകയിലയും 21 ലിറ്റര്‍ വൈനും പിടികൂടി. പ്രതികളില്‍ നിന്ന് 69,600 രൂപ കണ്ടെടുത്തു. 81 കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു. ലഹരിവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച 77 വാഹനങ്ങളും പിടിച്ചെടുത്തു. 1.68 ഗ്രാം നൈട്രോസെപാം ഗുളികകളും 115 ലിറ്റര്‍ വ്യാജമദ്യവും പിടികൂടി. കോട്പ കേസുകളില്‍ പിഴത്തുകയായി 717,000രൂപ ഈടാക്കി.

Related Articles

Back to top button
error: Content is protected !!