Thodupuzha

കാര്‍ഷിക മേഖല:സമഗ്ര സുസ്ഥിര വികസന പദ്ധതിയുമായി ഉടുമ്പന്നൂര്‍ പഞ്ചായത്ത്

 

ഉടുമ്പന്നൂര്‍: കാര്‍ഷിക മേഖലയില്‍ സമഗ്രവും സുസ്ഥിരമായതുമായ വികസനം ഉറപ്പു വരുത്താന്‍ ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നു. കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് പരിശീലനങ്ങളും പിന്‍തുണാ സംവിധാനങ്ങളും നല്‍കുന്ന സര്‍ക്കാര്‍ സംരംഭമായ കിലയുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ കാര്‍ഷിക കര്‍മ്മസേന പുന:സംഘടിപ്പിച്ച് പ്രവര്‍ത്തനം ചിട്ടപ്പെടുത്തും. ഇതിലേക്ക് വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി അഗ്രികള്‍ച്ചര്‍ ടെക്‌നീഷ്യന്‍ മാരെ നിയമിക്കും. ഇതു വഴി ഇരുപതോളം യുവതീ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുവാനാകും. ഇന്ത്യയിലെ ആദ്യത്തെ ജൈവ-തേന്‍ ഗ്രാമമായ ഉടുമ്പന്നൂരിന്റെ തനിമ നിലനിര്‍ത്തുന്നതിനായി വാര്‍ഡ് തോറും ജൈവ പച്ചക്കറി തോട്ടങ്ങള്‍ തയ്യാറാക്കി ഒരു വാര്‍ഡില്‍ ഒരു പച്ചക്കറി എന്ന ആശയത്തില്‍ പുതിയ പദ്ധതി നടപ്പാക്കും. ആവശ്യക്കാര്‍ക്ക് മുഴുവന്‍ ചെറുതേനീച്ച കോളനികള്‍ പെട്ടി സഹിതം സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യും. വിഷരഹിത മത്സ്യം വീട്ട് മുറ്റത്ത് ഉത്പാദിപ്പിക്കുന്നതിനാവശ്യമായ മീന്‍ കുളങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ നിര്‍മിച്ച് നല്‍കും. കര്‍ഷകരുടെ ജൈവരീതിയില്‍ ഉത്പാദിപ്പിച്ച ഉത്പനങ്ങള്‍ വില്‍ക്കുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജൈവ കാര്‍ഷിക വിപണന കേന്ദ്രം ആരംഭിക്കും. ഇവിടെ നിന്നും കാര്‍ഷികോപകരണങ്ങളും വിത്തും വളവുമുള്‍പ്പെടെയുള്ള കര്‍ഷക സാമഗ്രികളും സൗജന്യ നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കും. ഈ വിപണന കേന്ദ്രത്തില്‍ 2 കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് സ്ഥിര വരുമാനമുള്ള തൊഴില്‍ നല്‍കാനാകും.

ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായും 2023 – 24 വര്‍ഷത്തെ കാര്‍ഷിക മേഖലയിലെ ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനായും മെയ് 1 മുതല്‍ വാര്‍ഡ് തലത്തില്‍ പ്രത്യേക കര്‍ഷക ഗ്രാമസഭാ യോഗങ്ങള്‍ സംഘടിപ്പിക്കും. പഞ്ചായത്ത് ഹാളില്‍ പ്രത്യേക യോഗം ചേര്‍ന്ന് ഇത് സംബന്ധിച്ച് വിശദമായ കര്‍മ്മ പരിപാടി തയാറാക്കി. കര്‍മപരിപാടി രൂപീകരണയോഗം പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വിവിധ സ്ഥിരം സമിതി അധ്യക്ഷരായ ശാന്തമ്മ ജോയി, സുലൈഷ സലിം, കൃഷി ഓഫീസര്‍ കെ. അജിമോന്‍ , ബ്ലോക്ക് പഞ്ചായത്ത് അംഗം നൈസി ഡെനില്‍, പഞ്ചായത്ത് അംഗങ്ങളായ രമ്യ അജീഷ്, പി.എസ്. ജമാല്‍ , അല്‍ഫോന്‍സ കെ മാത്യു, കെ.ആര്‍ ഗോപി , ജീന്‍സി സാജന്‍, ശ്രീമോള്‍ ഷിജു, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.എം സുബൈര്‍, പഞ്ചായത്ത് കര്‍ഷക പ്രമോഷന്‍ ടീമംഗം ടി.ജി. മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!