Thodupuzha

സാമ്പത്തിക സ്ഥിതിവിവരക്കണക്ക്  വകുപ്പ് സര്‍വേ തുടങ്ങി

തൊടുപുഴ: കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ട മലയാളി പ്രവാസികളുടെ വിവരശേഖരണം സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍രഹിതരായി തിരിച്ചെത്തിയ ശേഷം മടങ്ങിപോകാന്‍ കഴിയാത്ത പ്രവാസികളുടെ സാമൂഹിക, സാമ്പത്തിക അവസ്ഥയെക്കുറിച്ച് മനസിലാക്കുക എന്നതതാണ് സര്‍വേയുടെ ലക്ഷ്യം. പ്രവാസികള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുളള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് സര്‍വേ നടത്തുന്നത്. കൂടാതെ വന്ധ്യതയുടെ വ്യാപ്തിയും ചികിത്സയും സംബന്ധിച്ച സര്‍വേ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. വന്ധ്യതയുടെ ചികിത്സ നേരിടുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചും ചികിത്സാ സൗകര്യങ്ങളെക്കുറിച്ചും ദമ്പതികള്‍ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളെക്കുറിച്ചും മനസിലാക്കുകയാണ് സര്‍വേയുടെ ലക്ഷ്യം. ഒന്നാം ഘട്ടത്തില്‍ തദ്ദേശസ്വയംരഭണ സ്ഥാപനങ്ങളുടെ വന്ധ്യത ക്ലിനിക്കുകളുടെ ലിസ്റ്റിങ്, പഠനത്തിനാധാരമായ ദമ്പതികളെ കണ്ടെത്തുന്നതിനുളള വീടുകളുടെ പട്ടിക തയാറാക്കല്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്.
തൊടുപുഴ താലൂക്കില്‍ മുനിസിപ്പാലിറ്റിയിലും വിവിധ പഞ്ചായത്തുകളിലുമായി 8 വാര്‍ഡുകളിലാണ് സര്‍വേ നടത്തുന്നതിന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സാമ്പത്തിക സ്ഥിതിവിവരക്കണ്ക്ക് വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരാണ് തദ്ദേശസ്ഥാപനങ്ങളിലെ സാമ്പിള്‍ യൂണിറ്റുകളില്‍ വിവരശേഖരണം നടത്തുന്നത്. ഒന്നാംഘട്ട സര്‍വേ പ്രവര്‍ത്തനങ്ങള്‍ 31 ന് പൂര്‍ത്തീകരിക്കേണ്ടതാണ്. ജനുവരി 1 ന് ആരംഭിക്കുന്ന രണ്ടാംഘട്ടത്തില്‍ വന്ധ്യതാ സര്‍വേയില്‍ ആശാവര്‍ക്കര്‍മാരുടെ സേവനം കൂടി പ്രയോജനപ്പെടുത്തേണ്ടതാണെന്ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!