ChuttuvattomThodupuzha

ആരോഗ്യവകുപ്പ് ഏകാരോഗ്യം പദ്ധതി : വിരമിച്ചവര്‍ക്ക് വീണ്ടും നിയമനം, പരാതിയുമായി ഉദ്യോഗാര്‍ത്ഥികള്‍

തൊടുപുഴ : ഏകാരോഗ്യ പദ്ധതിയില്‍ മെന്റര്‍മാരായി താത്കാലിക ജോലി ചെയ്ത ആരോഗ്യ വകുപ്പില്‍നിന്നു വിരമിച്ച ജീവനക്കാരുടെ നിയമന കാലാവധി ദീര്‍ഘിപ്പിപ്പിച്ചു. ഏകാരോഗ്യപദ്ധതിയില്‍ ഒരു വര്‍ഷ കാലാവധിക്കായിരുന്നു ഇവരെ മെന്റര്‍മാരായി നിയമിച്ചത്. ഇതിനെതിരെ തൊഴില്‍ രഹിതരായ യുവാക്കള്‍ അന്ന് പരാതി നല്‍കിയിരുന്നു. യോഗ്യതയുള്ള നിരവധി യുവാക്കള്‍ ജോലി തേടി പുറത്തുനില്‍ക്കുമ്പോഴാണ് വിരമിച്ചവരുടെ നിയമന കാലാവധി വീണ്ടും നീട്ടി ഉത്തരവ് നല്‍കിയത്. വലിയ തുക പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് വീണ്ടും നിയമനം നല്‍കിയതു സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ നവകേരള സദസില്‍ ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ മറുപടി പോലും ലഭിക്കാത്തപ്പോഴാണ് വീണ്ടും നിയമന കാലാവധി ദീര്‍ഘിപ്പിച്ചത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് സര്‍ക്കാര്‍ സര്‍വീസിലിരിക്കേ ഒരു സര്‍വീസ് സംഘടനയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മാത്രം കൂട്ടത്തോടെ നിയമനം നല്‍കിയത്. അന്നുതന്നെ ഇത് വലിയ പരാതിക്കിടയാക്കിയിരുന്നു. ഇപ്പോള്‍ ഏകാരോഗ്യപദ്ധതിയുടെ തിരുവനന്തപുരം ഓഫീസില്‍ നിന്നാണ് ഇവര്‍ക്ക് നിയമനം നീട്ടി നല്‍കിയതായി ഉത്തരവിറങ്ങിയത്.

സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുക എന്നതാണ് പ്രധാനമായും മെന്റര്‍മാരുടെ ചുമതല. പദ്ധതി തുടങ്ങി ഒരുവര്‍ഷത്തിനുള്ളില്‍ ജില്ലകളിലെ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും വാര്‍ഡുകള്‍ തോറും ഏഴു കമ്യൂണിറ്റി മെന്റര്‍മാര്‍ക്കും 47 സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കി. ഇവരെ ഉപയോഗിച്ച് മനുഷ്യരുടെയും പ്രകൃതിയുടെയും ജീവജാലങ്ങളുടെയും ആരോഗ്യ സംരക്ഷണം വഴി സമ്പൂര്‍ണ ആരോഗ്യം കൈവരിക്കുക എന്നതാണ് ഏകാരോഗ്യ പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായതിനെക്കാള്‍ കൂടുതല്‍ പകര്‍ച്ച വ്യാധികളും രോഗങ്ങളും പദ്ധതി നടപ്പാക്കിയ ജില്ലകളില്‍ ഇത്തവണയും കൂടുതല്‍ ആണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പറയുന്നു. മുമ്പ് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ചെയ്തിരുന്ന ജോലിയുടെയും റിപ്പോര്‍ട്ടുകളുടെയും കാര്യക്ഷമത നഷ്ടമായതായും ഐഡിഎസ്പി പോലെ കാര്യക്ഷമമായി നടന്നിരുന്ന പദ്ധതികള്‍ അവഗണിക്കപ്പെട്ടതും രോഗങ്ങള്‍ കൂടാന്‍ കാരണമായതായാണ് വിലയിരുത്തല്‍.

 

Related Articles

Back to top button
error: Content is protected !!