Thodupuzha

കനത്ത മഴ; വെള്ളക്കെട്ടില്‍ മുങ്ങി തൊടുപുഴ നഗരം

തൊടുപുഴ : കനത്ത മഴയില്‍ ഓടകള്‍ നിറഞ്ഞൊഴുകി തൊടുപുഴ നഗരം വെള്ളക്കെട്ടില്‍ മുങ്ങി. ശനിയാഴ്ച ഉച്ചയ്ക്കുശേഷം പെയ്ത മഴയില്‍ നിരവധി കടകളില്‍ വെള്ളം കയറി. റോഡ് തോടിന് സമാനമായി. വെള്ളക്കെട്ടുണ്ടാക്കുന്ന പ്രദേശങ്ങളിലെ ഓടകളില്‍നിന്ന് നഗരസഭയുടെ ശുചീകരണ വിഭാഗം മണ്ണും ചെളിയും മറ്റ് മാലിന്യങ്ങളും നീക്കിയിരുന്നെങ്കിലും വെള്ളക്കെട്ടിന് ശമനമില്ല. നഗരസഭയെ നോക്കുകുത്തിയാക്കി സ്വകാര്യവ്യക്തികള്‍ പട്ടണത്തിലെ ഓടകള്‍ കൈയേറിയതാണ് നഗരം വെള്ളക്കെട്ടില്‍ പെടാന്‍ കാരണം. മഴവെള്ളം യഥേഷ്ടം ഒഴുകുന്നതിന് സൗകര്യപ്രദമായ തരത്തില്‍ വീതിയുണ്ടായിരുന്ന ഓടകള്‍ പലതും കൈയേറ്റത്തിന്റെ ഫലമായി ഇടുങ്ങിപ്പോയി. തൊടുപുഴ മണക്കാട് ജംങ്ഷനില്‍ വെള്ളക്കെട്ട് ഒഴിവാക്കാര്‍ ലക്ഷങ്ങള്‍ ചെലവിട്ടാണ് പൊതുമരാമത്ത് വകുപ്പ് നിര്‍മാണം നടത്തിയത്. കലുങ്ക് വീതികൂട്ടി നിര്‍മിച്ചു. റോഡ് ഭാഗം ചെറിയതോതില്‍ ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍, ഈ ഭാഗത്തേക്ക് തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍നിന്നടക്കം എത്തുന്ന വെള്ളം സുഗമമായി ഒഴുകുന്നതിനുള്ള വീതി ഓടകള്‍ക്കില്ല. പലപ്പോഴും ഓടയ്ക്കുമുകളില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് സ്‌ളാബിന്റെ വിടവിലുടെ വെള്ളം റോഡിലെക്കാണ് ഒഴുകുന്നത്. ഇത് വാഹനങ്ങളെയും കാല്‍നട യാത്രക്കാരെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. മുനിസിപ്പല്‍ ഓഫീസിന് എതിര്‍വശത്ത് പാര്‍ക്കിനോടടുത്ത ഭാഗത്തും തൊടുപുഴ റോട്ടറി ജങ്ഷനിലും കാഞ്ഞിരമറ്റം കവലയിലും മൌണ്ട് സീനായ് ആശുപത്രി റോഡിലും വെള്ളക്കെട്ട് പതിവ് കാഴ്ചയാണ്. കൈയേറ്റത്തിനെതിരെ അധികൃതര്‍ക്ക് നിരവധി പരാതികളും കിട്ടി. എന്നാല്‍, ഫലപ്രദമായ ഒരു നടപടിയുമുണ്ടാകാതിരുന്നതാണ് വെള്ളക്കെട്ടിന് കാരണം.

 

Related Articles

Back to top button
error: Content is protected !!