ChuttuvattomThodupuzha

കനത്ത മഴ: കെ.എസ്.ഇ.ബിക്ക് 2.98 കോടിയുടെ നാശനഷ്ടം

തൊടുപുഴ:  കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ കെ.എസ്.ഇ.ബിക്ക് ഉണ്ടായത് കനത്ത നഷ്ടം. 2.98 കോടിയുടെ നാശനഷ്ടമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ  കാറ്റിലും മഴയിലും ജില്ലയില്‍ വൈദ്യുതി ബോര്‍ഡിനുണ്ടായത്. വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞും വൈദ്യുതിലൈനുകള്‍ പൊട്ടിയും ട്രാന്‍സ്ഫോമറിനു തകരാര്‍ സംഭവിച്ചുമാണ് ഇത്രയധികം നഷ്ടം ഉണ്ടായത്.11 കെ.വി ലൈനുകളുടെ 56 പോസ്റ്റുകളും ട്രാന്‍സ്ഫോമറുകളില്‍ നിന്നു വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വൈദ്യുതി വിതരണം ചെയ്യുന്ന എല്‍.ടി (ലോ ടെന്‍ഷന്‍) ലൈനുകളുടെ 395 പോസ്റ്റുകളും പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്നു. മരങ്ങള്‍ ഒടിഞ്ഞുവീണും മറ്റും 740ല്‍ അധികം ഇടങ്ങളില്‍ വൈദ്യുതലൈന്‍ പൊട്ടിവീണു. വിവിധയിടങ്ങളിലായി 140 കിലോമീറ്റര്‍ ദൂരത്തിലാണ് വൈദ്യുതലൈനുകള്‍ തകരാറിലായത്. നെടുങ്കണ്ടത്ത് ഒരു ട്രാന്‍സ്ഫോമറിന് തകരാറുണ്ടായി. ഇതിനെല്ലാം പുറമേ, വാഗമണ്‍ സബ് സ്റ്റേഷനിലും തകരാര്‍ സംഭവിച്ചതായി അധികൃതര്‍ പറഞ്ഞു. പീരുമേട്, ഏലപ്പാറ, നെടുങ്കണ്ടം, കഞ്ഞിക്കുഴി, ഇടമലക്കുടി, മാങ്കുളം, രാജകുമാരി  തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. വൈദ്യുതി ലൈനുകളുടെ തകരാര്‍ മൂലം വ്യാപകമായി പലയിടങ്ങളിലും വൈദ്യുതി ബന്ധവും നിലച്ചിരുന്നു . വൈദ്യുതി ബന്ധം തകരാറിലായ എല്ലായിടത്തും അടുത്ത ദിവസങ്ങളില്‍ തന്നെ  വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായി തൊടുപുഴ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍  പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലും ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് വൈദ്യുതി ബോര്‍ഡിനു വലിയ നഷ്ടം നേരിട്ടിരുന്നു.

Related Articles

Back to top button
error: Content is protected !!