ChuttuvattomThodupuzha

വഴി നീളെ ഭാരവാഹനങ്ങള്‍ പായുന്നു , അപകടം അരികെ ; പരിശോധിക്കാനോ നടപടി സ്വീകരിക്കാനോ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് പരാതി

തൊടുപുഴ : വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാകുന്ന ടോറസ്, ടിപ്പര്‍ ലോറികളുടെ അമിത വേഗം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായി. തിരുവനന്തപുരത്ത് ടോറസ് ലോറികള്‍ മൂലം രണ്ട് യുവാക്കളുടെ ജീവന്‍ പൊലിഞ്ഞതോടെയാണ് സുരക്ഷിതമല്ലാത്ത വിധം കരിങ്കല്ലും മെറ്റലും മണ്ണും കൊണ്ടുപോകുന്ന ടിപ്പര്‍, ടോറസ് ലോറികള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം വീണ്ടും ശക്തമായി ഉയരുന്നത്. തിരക്കേറിയ റോഡാണെങ്കില്‍ പോലും മറ്റു വാഹനങ്ങളെ പരിഗണിക്കാതെയും മനുഷ്യ ജീവന് പുല്ലു വില കല്‍പ്പിച്ചുമാണ് ഇവയുടെ പരക്കം പാച്ചില്‍.

മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തുന്നു

ടിപ്പര്‍, ടോറസ് ലോറികളില്‍ ലോഡ് കയറ്റിപോകുന്നതിന് നിഷ്‌കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഇവയുടെ സഞ്ചാരം. ശരിയായ രീതിയില്‍ മൂടാതെയും വലിയ പാറക്കഷണങ്ങള്‍ ഏതുനിമിഷവും പുറത്തേക്കു തെറിച്ചുവീഴത്തക്ക നിലയിലാണ് പല ടിപ്പറുകളും പായുന്നത്. അനുവദനീയമായതിലും കൂടുതല്‍ ഭാരവുമായാണ് വഴിയാത്രക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ഭീഷണിയായി ടിപ്പറുകള്‍ അമിത വേഗത്തില്‍ സഞ്ചരിക്കുന്നത്.

എപ്പോഴും അപകട സാധ്യത

പിന്നാലെ വരുന്ന വാഹനയാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാകാതെ മണലും മെറ്റലുമായി പോകുന്ന ലോറികളുടെ മുകള്‍ ഭാഗംപൂര്‍ണമായി മൂടണമെന്നാണു നിയമം. എന്നാല്‍ ഇതു കൃത്യമായി പാലിക്കാറില്ല. പലപ്പോഴും പിന്നാലെ വരുന്ന ഇരുചക്രവാഹന യാത്രക്കാരുടെ ദേഹത്തേക്ക് മെറ്റലും പൊടിയുമൊക്കെ വീഴുന്ന സ്ഥിതിയാണ്. അമിത വേഗത്തില്‍ വളവുകള്‍ തിരിയുമ്പോള്‍ ലോറിയില്‍ നിന്നു മെറ്റലും പാറക്കല്ലുകളും റോഡിലേക്കു വീഴുന്നതും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്.

സമയക്രമത്തിന് പുല്ലു വില

സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭീഷണിയായി നിരോധിത സമയത്തും ടിപ്പറുകള്‍ ചീറിപ്പായുകയാണ്. രാവിലെ 8.30 മുതല്‍ പത്തു വരെയും വൈകുന്നേരം നാലു മുതല്‍ അഞ്ചു വരെയും ടിപ്പര്‍, ടോറസ് ലോറികള്‍ തിരക്കേറിയ റോഡുകളില്‍ ഓടുന്നതിനു ജില്ലയില്‍ നിരോധനമുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ഇതു ലംഘിച്ചാണ് ടിപ്പറുകളുടെ സഞ്ചാരം.

മിക്കപ്പോഴും അമിത ലോഡ്

ടിപ്പറുകളില്‍ കയറ്റുന്ന സാധനസാമഗ്രികളുടെ അളവിലും വ്യക്തതയില്ല. അമിത അളവില്‍ മണ്ണും കല്ലും പാറ ഉത്പന്നങ്ങളും കയറ്റിയാണ് റോഡില്‍ കൂടി ടിപ്പറുകള്‍ അതിവേഗത്തില്‍ പോകുന്നത്. കഴിഞ്ഞ ദിവസം വിജിലന്‍സും റവന്യു വകുപ്പും നടത്തിയ പരിശോധനയില്‍ ഒട്ടേറെ വാഹനങ്ങള്‍ അമിത ലോഡിന്റെ പേരില്‍ പിടി കൂടിയിരുന്നു. പലപ്പോഴും പോലീസ്, റവന്യു വകുപ്പുകള്‍ ഇത്തരം അമിത ലോഡു കയറ്റുന്ന വാഹനങ്ങള്‍ പിടി കൂടാറുണ്ടെങ്കിലും പിന്നെയും നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. പലപ്പോഴും വാഹനങ്ങള്‍ പരിശോധിക്കാനോ നടപടി സ്വീകരിക്കാനോ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.

റോഡുകളും തകരുന്നു

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ അമിത അളവില്‍ മണ്ണും മണലും കയറ്റിപ്പോകുന്ന വാഹനങ്ങളില്‍നിന്ന് പാറപ്പൊടിയും മണ്ണും പുറത്തേക്കു വരുന്നത് ഇരുചക്രവാഹന യാത്രക്കാര്‍ക്കും ബുദ്ധിമുട്ടാവുകയാണ്. പാറമടകളില്‍ നിന്നും മറ്റും ലോഡുമായി പോകുന്ന പല ടിപ്പറുകളും അമിത വേഗത്തിലാണു പായുന്നത്. അമിത ഭാരം കയറ്റിയുള്ള ടോറസ് ലോറികളുടെ പതിവ് സഞ്ചാരം റോഡിന്റെ തകര്‍ച്ചയ്ക്കും വഴിതെളിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു.

പരിശോധന ശക്തമാക്കിയതായി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം

തിരുവനന്തപുരത്തെ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ടിപ്പറുകളെ പ്രത്യേകം നിരീക്ഷിക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ.കെ.രാജീവ് പറഞ്ഞു. പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്. നിരോധിത സമയങ്ങളിലെ സഞ്ചാരം, അമിത ലോഡു കയറ്റല്‍, സാധന സാമഗ്രികള്‍ മൂടാതെയുള്ള സഞ്ചാരം, അമിത വേഗം തുടങ്ങി നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!