ChuttuvattomThodupuzha

ഹില്ലി അക്വ കേരളത്തിനു പുറത്തും വില്‍പ്പനയ്‌ക്കെത്തിക്കും : മന്ത്രി റോഷി അഗസ്റ്റിന്‍

തൊടുപുഴ : കേരള സര്‍ക്കാരിന്റെ കുപ്പിവെള്ള ബ്രാന്‍ഡായ ഹില്ലി അക്വയുടെ വിതരണം കേരളത്തിനു പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ അവിടുത്തെ പരമാവധി വില്‍പ്പനവില ഈടാക്കി വിതരണം നടത്താനാണ് തീരുമാനം. ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ ഹില്ലി അക്വ ഉല്‍പ്പന്നങ്ങള്‍ വിതരണം നടത്തുന്നതിനുള്ള നടപടിക്രമങ്ങളും ഉടന്‍ ഫലപ്രാപ്തിയിലെത്തുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു. ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കിഡ്ക്) ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന ഹില്ലി അക്വ 5 ലിറ്ററിന്റെയും 20 ലിറ്ററിന്റെയും ജാറുകളില്‍ തൊടുപുഴയിലെ പ്ലാന്റില്‍നിന്നു ലഭ്യമാക്കാനുള്ള നടപടികളും നവീകരിച്ച ഫാക്ടറി ഔട്ലെറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി വരുന്ന ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസത്തോടെ ഹില്ലി അക്വയുടെ സോഡയും ശീതളപാനീയങ്ങളും ഉള്‍പ്പെടെയുള്ളവ വിപണിയിലെത്തിക്കാന്‍ കഴിയും. കുപ്പിവെള്ള ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നിലവിലെ പ്ലാന്റില്‍ അധികമായി ഒരു പ്രൊഡക്ഷന്‍ ലൈന്‍കൂടി സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.തോമസ് അധ്യക്ഷത വഹിച്ചു. കെഐഐഡിസി സിഇഒ എസ്. തിലകന്‍, ഹില്ലി അക്വ ജനറല്‍ മാനേജര്‍ വി. സജി, പ്ലാന്റ് മാനേജര്‍ ജൂബിള്‍ മാത്യു, ജിമ്മി മറ്റത്തിപ്പാറ, യു.ആര്‍. പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!