ChuttuvattomThodupuzha

മണക്കാട് വില്ലേജ് ഓഫീസ് ജംഗ്ഷനില്‍ അപകട ഭീഷണി ഉയര്‍ത്തി വന്‍ മരങ്ങള്‍

തൊടുപുഴ : മണക്കാട് വില്ലേജ് ഓഫീസ് ജംഗ്ഷനില്‍ റവന്യൂ വകുപ്പ് വക സ്ഥലത്ത് അപകട ഭീഷണിയുയര്‍ത്തി വന്‍മരങ്ങള്‍. തൊടുപുഴ രാമമംഗലം റോഡിന്റെ വശത്ത് മണക്കാട് വില്ലേജ് ഓഫീസിനോട് ചേര്‍ന്നാണ് ചുവട്ടിലെ മണ്ണൊലിച്ച് വേരു തെളിഞ്ഞ നിലയില്‍ രണ്ട് വാകമരങ്ങളും മാവിന്റെ ശിഖരങ്ങളും റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്നത്. പഞ്ചായത്ത് തല ട്രീ കമ്മിറ്റി ഒരു വര്‍ഷം മുമ്പ് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി റവന്യൂ അധികാരികള്‍ക്ക് സമര്‍പ്പിക്കുകയും മരം വെട്ടി നീക്കണമെന്ന് നിരവധി തവണ പഞ്ചായത്ത് – വില്ലേജ് അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും നടപടിയുണ്ടായിട്ടില്ല.

മരങ്ങള്‍ നില്‍ക്കുന്ന സ്ഥലത്താണ് മണക്കാട് സ്മാര്‍ട്ട് വില്ലേജിന് ഫണ്ട് അനുവദിച്ചിട്ടുള്ളത്. സ്മാര്‍ട്ട് വില്ലേജ് പദ്ധതിയും ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. മണക്കാട് എന്‍എസ്എസ് എച്ച്എസ്എസ്, എല്‍പി സ്‌കൂള്‍, ഹൈസ്‌കൂള്‍ അടക്കമുള്ള സ്‌കൂളുകളിലെ കുട്ടികള്‍ ഉള്‍പ്പെടെ ഒട്ടേറെ ആളുകള്‍ ബസ് കാത്തു നില്‍ക്കുന്നത് അപകട ഭീഷണിയില്‍ നില്‍ക്കുന്ന മരങ്ങള്‍ക്കു സമീപമുള്ള വെയ്റ്റിംഗ് ഷെഡിലാണ്.

11 കെവി ഉള്‍പ്പെടെയുള്ള ഹൈടെന്‍ഷന്‍ ലൈനുകളും ഇതുവഴി പോകുന്നുണ്ട്. റവന്യൂ അധികൃതര്‍ കുറ്റകരമായ അനാസ്ഥ കാണിക്കുകയാണെന്നാണ് പഞ്ചായത്ത് – വില്ലേജ് അധികൃതരും പ്രദേശവാസികളും ആരോപിക്കുന്നത്. ദുരന്തനിവാരണ നിയമപ്രകാരം, സ്വന്തം പുരയിടത്തില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ സ്ഥലമുടമ വെട്ടിനീക്കണമെന്ന നിയമം റവന്യൂ അധികൃതര്‍ യഥാസമയം പാലിച്ച് അപകടമൊഴിവാക്കമെന്നാണ് പൊതു ആവശ്യം.

Related Articles

Back to top button
error: Content is protected !!