ChuttuvattomThodupuzha

ക​ണ്ണി​നും മ​ന​സി​നും കു​ളി​ർ​മ പ​ക​ർ​ന്ന് ഇ​ട​വെ​ട്ടി കു​ട്ടി​വ​നം

തൊടുപുഴ: നഗരത്തിരക്കിലും കൊടും ചൂടിലും ആശ്വാസം പകരാന്‍ പ്രകൃതിയൊരുക്കിയ ജൈവ വൈവിധ്യമായ ഇടവെട്ടി പഞ്ചായത്തിലെ കുട്ടിവനം സന്ദര്‍ശകര്‍ക്ക് കൗതുകകാഴ്ചയാകുന്നു. നൂറിലധികം വര്‍ഷം പഴക്കമുള്ള കൂറ്റന്‍ മരങ്ങള്‍, അപൂര്‍വയിനം ചിത്രശലഭങ്ങള്‍, പക്ഷികള്‍ എന്നിവയുടെ സങ്കേതമാണ് തൊടുപുഴയ്ക്കു സമീപം ഇടവെട്ടിയിലെ കുട്ടിവനം. മുപ്പതേക്കറില്‍ പരന്നുകിടക്കുന്ന ഇടവെട്ടി കുട്ടിവനത്തില്‍ സന്ദര്‍ശകര്‍ക്കായി കാത്തിരിക്കുന്നത് മനോഹര കാഴ്ചകളാണ്. സന്ദര്‍ശകര്‍ക്ക് മരങ്ങള്‍ ഇടതൂര്‍ന്ന് തിങ്ങിനിറഞ്ഞ വനത്തിനു നടുവിലൂടെ കാഴ്ചകള്‍ കണ്ട് നടക്കാം. തൊട്ടടുത്ത് കനാലുമുണ്ട്. നട്ടുച്ചയ്ക്ക് പോയാലും നല്ല ശീതളിമയും വനത്തിന്റെ വിശാലതയും അനുഭവിച്ചറിയാം. തൊടുപുഴ നഗരത്തില്‍നിന്നു അഞ്ച് കിലോമീറ്റര്‍ അകലെയാണ് സ്വാഭാവിക കുട്ടിവനം സ്ഥിതിചെയ്യുന്നത്. തൊടുപുഴയില്‍നിന്നു പന്നിമറ്റം-പൂമാല റോഡില്‍ സഞ്ചരിച്ച് ഇടവെട്ടി ബാങ്ക് ജംഗ്ഷനിലെത്തി അവിടെനിന്നു ഇടവെട്ടി പഞ്ചായത്തിനു മുന്നിലുള്ള കനാല്‍ റോഡിലൂടെ 250 മീറ്റര്‍ സഞ്ചരിച്ചാല്‍ കുട്ടിവനത്തിന്റെ പച്ചപ്പിലെത്താം. നടപ്പാതയിലൂടെ സഞ്ചരിച്ച് വനത്തിന്റെ ഭംഗി ആസ്വദിക്കാം.

വനം വകുപ്പിന്റെ കോതമംഗലം ഡിവിഷന്‍ തൊടുപുഴ റേഞ്ചിനു കീഴിലാണ് ഇടവെട്ടി വനം സ്ഥിതിചെയ്യുന്നത്. എംവിഐപി പദ്ധതിയുടെ ഭാഗമാണ് കനാല്‍. കേന്ദ്ര സര്‍ക്കാരിന്റെ നഗരവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 ഘട്ടങ്ങളിലായിട്ടാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ആദ്യഘട്ടത്തില്‍ 35 ലക്ഷം രൂപയാണ് അനുവദിച്ചത്. കഫറ്റേരിയ, ടിക്കറ്റ് കൗണ്ടര്‍, ഇരിപ്പിടങ്ങള്‍, 500 മീറ്റര്‍ നടപ്പാത എന്നിവയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഇനിയുള്ള ഘട്ടങ്ങളില്‍ 100 ബാംബൂ തൈകള്‍, നക്ഷത്രവനം, ബട്ടര്‍ഫ്‌ളൈ പ്ലാന്റേഷന്‍, ഔഷധസസ്യത്തോട്ടം, പുല്‍മേട്, കുളങ്ങള്‍ എന്നിവയും ഒരുങ്ങുന്നുണ്ട്. ഇവയെല്ലാം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ സന്ദര്‍ശകര്‍ ഇവിടേയ്ക്ക് എത്തുമെന്നാണ് വനംവകുപ്പിന്റെയും പഞ്ചായത്തിന്റെയും കണക്കുകൂട്ടല്‍. ഇത് പ്രാദേശിക വികസനത്തിനും വഴിതെളിക്കും. സദാ സമയവും വെള്ളമുള്ള രണ്ടേക്കറോളം പരന്നു കിടക്കുന്ന ഇടവെട്ടിച്ചിറയും ഇവിടുത്തെ ആകര്‍ഷണമാണ്

 

Related Articles

Back to top button
error: Content is protected !!