ChuttuvattomThodupuzha

കുമാരമംഗലം എം.കെ.എന്‍.എം എച്ച്.എസ്.എസിലെ എന്‍എസ്എസ് യൂണിറ്റ് സജ്ജമാക്കിയ സ്നേഹാരാമം എംപി ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു

കുമാരമംഗലം : കുമാരമംഗലം എം.കെ.എന്‍.എം എച്ച്.എസ്.എസിലെ എന്‍എസ്എസ് യൂണിറ്റ് സജ്ജമാക്കിയ സ്‌നേഹാരാമം ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇന്ദു സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിന്ദു ഷാജി, പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ്, വാര്‍ഡ് മെമ്പര്‍ സജി ചെമ്പകശേരി, ഹരിതകര്‍മ്മസേനാംഗങ്ങളായ കാഞ്ചന, മഞ്ജു, തൊടുപുഴ ലയണ്‍സ് ക്ലബ് പ്രസിഡന്റ് രാമചന്ദ്രന്‍ കെ, സെക്രട്ടറി പി.ജെ ജോസ്, ജയകൃഷ്ണന്‍ ബി റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അഡ്വ. ജോസ് ജോര്‍ജ്, ജോബ് കെ ജേക്കബ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ടോംസി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

എന്‍എസ്എസിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ച സാമൂഹിക ഇടപെടല്‍ സ്‌നേഹാരാമം സജ്ജമാക്കലായിരുന്നുവെന്ന് ഉദ്ഘാടനവേളയില്‍ എംപി അഭിപ്രായപ്പെട്ടു.
തൊടുപുഴ അടിമാലി റോഡരികില്‍ ഇഞ്ചക്കാട് പടര്‍ന്നു പിടിച്ചിരുന്ന ഈ സ്ഥലം, വഴിയാത്രക്കാര്‍ മാലിന്യം വലിച്ചെറിഞ്ഞ് വൃത്തിഹീനമായിരുന്നു. എന്‍എസ്എസ് വോളന്റിയര്‍മാര്‍ ഇവിടം വൃത്തിയാക്കി മനോഹരമായ ഒരു സെല്‍ഫി പോയിന്റ് സജ്ജമാക്കി. ഉപയോഗശൂന്യമായ പ്‌ളാസ്റ്റിക് കുപ്പികള്‍, ടയറുകള്‍ മുതലായവയെല്ലാം ഇവിടെ ആരാമത്തിന് മാറ്റു കൂട്ടുന്ന കലാസൃഷ്ടികളാക്കി മാറ്റിയിരിക്കുന്നത് കാണാം. 63,000 രൂപയോളം ചിലവ് വന്നതില്‍ 45,000 രൂപ സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചു. സ്‌കൂള്‍ മാനേജര്‍ ആര്‍ കെ ദാസ്, ലയണ്‍സ് ക്ലബ്, റോട്ടറി ക്ലബ്, എച്ച് ഡി എഫ് സി ബാങ്ക്, പൂര്‍വ വിദ്യാര്‍ഥികള്‍, സ്ഥലവാസികള്‍ ഇവരെല്ലാം സ്‌പോണ്‍സര്‍ ചെയ്താണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിച്ചത് എന്ന് പ്രോഗ്രാം ഓഫീസര്‍ ഷൈല എസ് പറഞ്ഞു.
മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി എന്‍എസ്എസ് യൂണിറ്റുകളും ശുചിത്വമിഷനും കേരളത്തിലുടനീളം സംയുക്തമായൊരുക്കിയ സ്‌നേഹാരമം പദ്ധതി ശ്രദ്ധേയമായി.

 

 

Related Articles

Back to top button
error: Content is protected !!