ChuttuvattomThodupuzha

യൂത്ത് ബാസ്‌ക്കറ്റ്ബോള്‍ കേരള ടീമില്‍ ഇടം നേടി ഇടുക്കിയുടെ അഭിമാനമായി നൈജല്‍ ജേക്കബ്

തൊടുപുഴ : ബാസ്‌ക്കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ പോണ്ടിച്ചേരിയില്‍ നടക്കുന്ന ദേശീയ യൂത്ത് ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള പുരുഷ ടീമില്‍ സ്ഥാനം നേടി ജില്ലയില്‍നിന്നുള്ള നൈജല്‍ ജേക്കബ് അഭിമാനമായി. ആലപ്പുഴ പുളിങ്കുന്നില്‍ നടന്ന സംസ്ഥാന യൂത്ത് ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിലാണ് നൈജല്‍ കേരള ടീമില്‍ ഇടം നേടിയത്. വാഴക്കുളം കാര്‍മല്‍ സിഎംഐ പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ നൈജല്‍ ജേക്കബ് മൂന്നു വര്‍ഷമായി കാര്‍മല്‍ ബാസ്‌കറ്റ്‌ബോള്‍ അക്കാദമിയില്‍ പരിശീലനം നടത്തി വരികയാണ്.

ഫിബ കമ്മീഷണറും ലെവല്‍ 2 പരിശീലകനുമായ ഡോ. പ്രിന്‍സ് കെ.മറ്റത്തിന്റെ കീഴിലാണ് ബാസ്‌കറ്റ് ബോള്‍ പരിശീലിക്കുന്നത്. വോളിബോള്‍ പരിശീലകനായ വാഴക്കുളം നമ്പ്യാപറമ്പില്‍ വടക്കേക്കര ജേക്കബ് ജോസഫിന്റെയും കരിമണ്ണൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക ടീന ജേക്കബിന്റെയും മകനാണ് നൈജല്‍. ബാസ്‌കറ്റ് ബോള്‍ കളിക്കാരന്‍ കൂടിയായ റോബിന്‍ എന്ന ഇളയ സഹോദരനും നൈജലിന് പരിശീലനത്തിന് ഒപ്പം ഉണ്ട്. പഞ്ചാബ്, ഉത്തര്‍ പ്രദേശ്, ചണ്ഡീഗഡ്, ഒഡീഷ എന്നി സംസ്ഥാനങ്ങള്‍ അടങ്ങിയ ഗ്രൂപ്പിലാണ് കേരളം കളിക്കുന്നത്. യൂത്ത് കേരള ടീമില്‍ സ്ഥാനം നേടിയ നൈജല്‍ ജേക്കബിനെ വാഴക്കുളം കാര്‍മല്‍ സിഎംഐ പബ്ലിക് സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് മഞ്ഞക്കുന്നേല്‍, പ്രിന്‍സിപ്പല്‍ ഫാ.സിജന്‍ പോള്‍ ഊന്നുകല്ലേല്‍, ബര്‍സാര്‍ ഫാ. ജിത്തു തൊട്ടിയില്‍ എന്നിവര്‍ അഭിനന്ദിച്ചു.

 

Related Articles

Back to top button
error: Content is protected !!