ChuttuvattomThodupuzha

വ്യാപാര മേഖലയിലെ അനധികൃത പണപ്പിരിവ് തടയും: തൊടുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന്‍

തൊടുപുഴ: കച്ചവടമാന്ദ്യം രൂക്ഷമായ സാഹചര്യത്തിലും നഗരത്തില്‍ വന്‍തോതിലുള്ള പിരിവുകാരെക്കൊണ്ട് നട്ടംതിരിയുകയാണ് വ്യാപാരികളെന്ന് തൊടുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന്‍. വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ഇടയില്‍ പിടിച്ചുനില്‍ക്കാന്‍ സാധാരണ വ്യാപാരികള്‍ ബുദ്ധിമുട്ടുകയാണ്. പല വ്യാപാര സ്ഥാപനങ്ങളിലും കൈനീട്ടം വില്‍ക്കുന്നതിന് മുന്നേ പലതരം പിരിവുകാര്‍ പ്രത്യക്ഷപ്പെടുന്നുവെന്നും പിരിവുകാര്‍ ആവശ്യപ്പെടുന്ന തുക നല്‍കിയില്ലെങ്കില്‍ ഭീഷണിയും അസഭ്യവും സഹിക്കേണ്ട ഗതികേടിലാണ് വ്യാപാരകളെന്നും അസോസിയേഷന്‍ ആരോപിച്ചു. വ്യാപാര-വ്യവസായ മേഖലകളില്‍ ഉണ്ടായിരിക്കുന്ന മാന്ദ്യത്തെ അതിജീവിക്കുവാന്‍ കഠിന പ്രയത്നം ചെയ്യുന്ന വ്യാപാരികളെ പിരിവിന്റെ രൂപത്തില്‍ ചില ആളുകള്‍ ബുദ്ധിമുട്ടിക്കുകയും ചില നിസാര കാര്യങ്ങള്‍ പറഞ്ഞ് കടകളില്‍ ബഹളം ഉണ്ടാക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് അജീവ് പുരുഷോത്തമന്‍ മുന്നറിയിപ്പ് നല്‍കി.

നാട്ടില്‍ നടക്കുന്ന സര്‍വമാന പരിപാടികള്‍ക്കും വ്യാപാരികള്‍ പൈസ മുടക്കണമെന്നും അതിനായി ചില സ്ഥിരം പിരിവ് സംഘടനകള്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണെന്നും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആരോപിച്ചു . യോഗത്തില്‍ ജനറല്‍ സെക്രട്ടറി സജി പോള്‍, ട്രഷറര്‍ കെ.എച്ച് കനി, വൈസ് പ്രസിഡന്റുമാരായ ജോസ് ആലപ്പാട്ട് എവര്‍ഷൈന്‍, സെയ്തു മുഹമ്മദ് വടക്കയില്‍, വി. സുവിരാജ്, സെക്രട്ടറിമാരായ ബെന്നി ഇല്ലിമ്മൂട്ടില്‍, ഇ. എ അഭിലാഷ്, സജിത്ത് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

 

 

Related Articles

Back to top button
error: Content is protected !!