ChuttuvattomThodupuzha

കുമാരമംഗലം പഞ്ചായത്തില്‍ അനധികൃത മണല്‍ കടത്ത് : നടപടി സ്വീകരിക്കാതെ അധികൃതര്‍

തൊടുപുഴ : കുമാരമംഗലം പഞ്ചായത്തിലെ ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് അനധികൃത മണല്‍ കടത്ത് , നടപടി സ്വീകരിക്കാതെ അധികൃതര്‍.
ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയമപരമായ അനുമതി  നല്‍കുന്നത് അപൂര്‍വമാണ് . എന്നാല്‍ രാത്രിയുടെ മറവില്‍ നൂറ് കണക്കിന് ലോഡ് മണ്ണാണ് കുമാരമംഗലം പഞ്ചായത്തിന്റെ പ്രദേശങ്ങളില്‍ നിന്നും അനധികൃതമായി കടത്തുന്നത്. വലിയ അളവിലുള്ള മണ്ണ് ഖനനത്തിന് ജില്ലാ ജിയോളജി വകുപ്പും വീട് നിര്‍മ്മാണത്തിനും മറ്റുമുള്ള മണ്ണ് നീക്കം ചെയ്യാന്‍ നഗരസഭയും പഞ്ചായത്തുമാണ് അനുമതി നല്‍കേണ്ടത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത്തരത്തില്‍ നിയമപരമായ അനുമതി അപൂര്‍വ്വമായി മാത്രമാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ഏതാനും ആഴ്ചകളായി കുമാരമംഗം പഞ്ചായത്തിലെ ഏഴല്ലൂര്‍, പെരുമ്പള്ളിച്ചിറ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വന്‍ തോതിലുള്ള മണ്ണ് ഖനനമാണ് നടക്കുന്നത്. രാത്രി മണ്ണ് മാന്തി യന്ത്രങ്ങള്‍, ടിപ്പറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയുമായി എത്തുന്ന സംഘം ഖനനം ചെയ്യുന്ന മണ്ണ് രാത്രി തന്നെ ലക്ഷ്യ സ്ഥാനത്തെത്തിക്കുകയാണെന്നും ഒറ്റ രാത്രി കൊണ്ട് തന്നെ ഇത്തരത്തില്‍ നിരവധി ലോഡ് മണ്ണാണ് നീക്കം ചെയ്യുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു.

അനധികൃത ഖനനം സംബന്ധിച്ച് പരിശോധന നടത്തേണ്ട റവന്യൂ വകുപ്പും, ജിയോളജി വകുപ്പും പോലീസും ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണെന്നും രാത്രി പരിശോധനയ്ക്ക് അധികാരമുള്ള പോലീസ് പരിശോധനകള്‍ക്ക് തുനിയാറില്ലെന്നും അഥവാ ഇത്തരത്തില്‍ പരിശോധനയ്ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ ആരെങ്കിലും രംഗത്തിറങ്ങിയാല്‍ അപ്പോള്‍ തന്നെ വിവരം മണ്ണ് മാഫിയയ്ക്ക് ചോര്‍ത്തി നല്‍കുകയാണെന്നും ഇതിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥന്റെ സ്‌പെഷല്‍ സ്‌ക്വാഡില്‍ പ്രവര്‍ത്തിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനാണെന്നും പ്രദേശവാസികള്‍ ആരോപിച്ചു. സ്‌പെഷല്‍ സ്‌ക്വാഡില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് സ്വന്തമായി ടിപ്പറുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ അടുത്ത കാലത്ത് കരിമണ്ണൂര്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെതിരെ മണ്ണ് കടത്തലുമായി ബന്ധപ്പെട്ട് നടപടിയെടുത്തതോടെ തൊടുപുഴയിലെ ഉദ്യോഗസ്ഥന്‍ തന്റെ വാഹനങ്ങള്‍ മറ്റുള്ളവരുടെ പേരിലേക്ക് മാറ്റിയതായും പ്രദേശവാസികള്‍ പറയുന്നു. ഇയാളുടേതിന് പുറമേ ഇയാളുടെ അടുപ്പക്കാരുടെ വാഹനവും മണ്ണ് കടത്താനെത്തുന്നുണ്ട്. ഇത്തരത്തില്‍ മണ്ണ് കടത്തുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി ഒരു ടിപ്പര്‍ ലോറി മണ്ണുമായി കനാലിലേക്ക് മറിഞ്ഞിരുന്നു. ഇതിന് മുമ്പ് പെരുമ്പിള്ളിച്ചിറ ഭാഗത്തെ കലുങ്കും രാത്രിയിലെത്തിയ ടിപ്പറിടിച്ച് തകര്‍ന്നു. എന്നാല്‍ ഇതിനെതിരെ പരിശോധന നടത്തുവാനോ നടപടികള്‍ സ്വീകരിക്കാനോ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകുന്നില്ലെന്നതാണ് പ്രദേശവാസികളുടെ പരാതി. ഇനിയും ഇത്തരത്തില്‍ പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്ന അനധികൃത ഇടപാട് തുടര്‍ന്നാല്‍ രാത്രിയിലെത്തുന്ന വാഹനങ്ങള്‍ തടയാനാണ് പ്രദേശവാസികളുടെ തീരുമാനം.

(ഫയല്‍ ചിത്രം)

Related Articles

Back to top button
error: Content is protected !!