ChuttuvattomThodupuzha

ഇളംദേശം ബ്ലോക്ക് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടനവും ഷെയർ സർട്ടിഫിക്കറ്റ് വിതരണവും ശനിയാഴ്ച്ച

തൊടുപുഴ: ഇളംദേശം ബ്ലോക്കിന് കീഴിൽ ആരംഭിക്കുന്ന ഇളംദേശം ബ്ലോക്ക് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടനവും ഷെയർ സർട്ടിഫിക്കറ്റ് വിതരണവും ശനിയാഴ്ച്ച. യോഗം കാളിയാർ സെയ്ന്റ് റീത്താസ് പാരിഷ് ഹാളിൽ നടക്കുമെന്ന് കമ്പനി പ്രതിനിധികൾ അറിയിച്ചു. പതിനായിരം കാർഷിക ഉത്പാദന കമ്പനികൾ സ്ഥാപിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമായാണ് നബാർഡിന്റെ കീഴിൽ പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ സഹായത്തോടെ കമ്പനി ആരംഭിക്കുന്നത്. ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലെ കർഷകരെ ഉൾപ്പെടുത്തി 2022 ഡിസംബറിലാണ് കമ്പനി രജിസ്റ്റർ ചെയ്തത്. തുടർന്ന് 319 ഓഹരി ഉടമകളിൽ നിന്ന് 756 ഓഹരികൾ കമ്പനി സമാഹരിച്ചാണ് പ്രവർത്തനം ആരംഭിക്കുന്നത്. വിഷാംശമില്ലാത്ത കാർഷിക ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ജനങ്ങളിലേക്ക് എത്തിക്കാനുള്ള എക്കോ ഷോപ്പ്, കർഷകന് കാർഷിക യന്ത്രങ്ങൾ വാടകയ്ക്ക് നൽകുന്ന സഹായ കേന്ദ്രം, മേൽത്തരം നടീൽ വസ്തുക്കളും വളവും കർഷകന് ലഭ്യമാക്കുന്നതിനുള്ള ഡിപ്പോ, ലാറ്റക്‌സ് നിർമാണത്തിനുള്ള റബർ പാൽ സംഭരണ കേന്ദ്രം എന്നിവയാണ് കമ്പനിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്.

ശനിയാഴ്ച്ച നടക്കുന്ന ചടങ്ങിൽ കമ്പനിയുടെ ഔദ്യോഗിക ഉദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എ നിർവ്വഹിക്കും. ഷെയർ സർട്ടിഫിക്കറ്റുകളുടെ വിതരണം ജില്ലാ കളക്ടർ ഷീബ ജോർജ്ജ് നിർവ്വഹിക്കും. നബാർഡ് ഡി.ഡി.എം അജീഷ് ബാലു വളം ഡിപ്പോ ഉദ്ഘാടനം ചെയ്യും. എക്കോ ഷോപ്പ് പീരുമേട് ഡെവലപ്പ്‌മെന്റ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിൽസൺ ജയിംസ് ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 31ന് മുമ്പ് 500 കർഷക ഓഹരി ഉടമകളെ തിക്കയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Related Articles

Back to top button
error: Content is protected !!