ChuttuvattomThodupuzha

കാറ്റും മഴയും ഉണ്ടോ… തെക്കുംഭാഗം, അഞ്ചിരി, ആനക്കയം ഭാഗത്ത് വൈദ്യുതി വിരുന്നുകാരന്‍ !

തൊടുപുഴ: മാനം കറുത്താല്‍ വൈദ്യുതി പോകുന്ന തെക്കുംഭാഗം, അഞ്ചിരി, ആനക്കയം മേഖലയിലെ ജനങ്ങളുടെ ദുരിതത്തിനു പരിഹാരം കാണാന്‍ നടപടിയില്ല. കൃഷിയിടങ്ങളിലൂടെ കടന്നു പോകുന്ന 11 കെവി ലൈന്‍ റോഡിലൂടെ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ ഉള്‍പ്പെടെ പ്രദേശവാസികള്‍ പരാതി നല്‍കിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഒരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. തെക്കുംഭാഗം അയ്യമ്പാറ മുതല്‍ അഞ്ചിരി ട്രാന്‍സ്‌ഫോമര്‍ വരെയുള്ള ഒരു കിലോ മീറ്ററോളം ഭാഗത്ത് റബര്‍ തോട്ടത്തിലൂടെയും മറ്റ് കൃഷിയിടങ്ങളിലൂടെയുമാണ് 11 കെവി ലൈന്‍ കടന്നു പോകുന്നത്. അതിനാല്‍ ചെറിയ കാറ്റടിച്ചാല്‍ പോലും വൈദ്യുതി ബന്ധം നിലയ്ക്കുന്ന സ്ഥിതിയാണ്. മഴക്കാലം ആരംഭിച്ചതോടെ മിക്ക സമയത്തും വൈദ്യുതി മുടങ്ങുന്നത് പതിവാണ്. സ്‌കൂളുകള്‍ തുറന്നതോടെ രാത്രിയിലും മറ്റും വൈദ്യുതി മുടങ്ങുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തെയും പ്രതികൂലമായി ബാധിക്കുകയാണ്. രാവിലെ വൈദ്യുതി ഇല്ലാതെ വരുന്നത് വീട്ടമ്മമാരെയും ദുരിതത്തിലാക്കുന്നു. ഇവിടെ നാലര പതിറ്റാണ്ട് മുമ്പാണ് വൈദ്യുതി ലൈന്‍ സ്ഥാപിച്ചത്. തെക്കുംഭാഗം മുതല്‍ അയ്യമ്പാറ വരെയുള്ള ഭാഗത്ത് ഏതാനും വര്‍ഷം മുന്‍പ് പുരയിടത്തിലൂടെ വലിച്ചിരുന്ന ലൈന്‍ റോഡിലൂടെ മാറ്റി സ്ഥാപിച്ചതാണ്. എന്നാല്‍ ബാക്കി ഭാഗത്തെ അര നൂറ്റാണ്ട് പഴക്കമുള്ള വൈദ്യുതി കമ്പികള്‍ പോലും മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.

റബര്‍ തോട്ടത്തിലൂടെയും വാഴ, തെങ്ങ് തുടങ്ങിയ കൃഷി തോട്ടങ്ങള്‍ക്ക് ഇടയിലൂടെ വലിച്ചിരിക്കുന്ന ലൈനില്‍ കമ്പ് ഒടിഞ്ഞ് വീണും, ശിഖരം ലൈനില്‍ മുട്ടിയുമാണ് വൈദ്യുതി നിലയ്ക്കുന്നത്. വൈദ്യുതി തകരാര്‍ ഉണ്ടായാല്‍ ഇത് പരിഹരിക്കണമെങ്കില്‍ ആലക്കോട് കെഎസ്ഇബി ഓഫീസില്‍ നിന്ന് ജീവനക്കാര്‍ എത്തണം. രാത്രി സമയത്ത് മഴയും മറ്റും ശക്തമായ ദിവസങ്ങളില്‍ ജീവനക്കാര്‍ എത്തിയാലും എവിടെയാണ് തകരാറെന്ന് കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയാണ്. എം.എം.മണി വൈദ്യുതി മന്ത്രി ആയിരുന്നപ്പോള്‍ സംഘടിപ്പിച്ച വൈദ്യുതി അദാലത്തില്‍ പ്രദേശവാസികള്‍ വൈദ്യുതി പ്രതിസന്ധിക്കെതിരെ പരാതി നല്‍കിയിരുന്നു. അന്ന് ഉദ്യോഗസ്ഥര്‍ എത്തി മാറ്റേണ്ട ഭാഗത്തെ പോസ്റ്റുകളുടെ എണ്ണവും ദൂരവും ഉള്‍പ്പെടെ തയ്യാറാക്കി അദാലത്തില്‍ നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഇതിനു ശേഷമാണ് തൊടുപുഴയില്‍ നടന്ന നവകേരള സദസില്‍ പരാതി നല്‍കിയത്. പരാതി സംബന്ധിച്ച് തുടര്‍ നടപടികള്‍ ആരംഭിച്ചതായി ബന്ധപ്പെട്ട എന്‍ജനീയര്‍മാര്‍ പരാതിക്കാരെ അറിയിച്ചതല്ലാതെ പിന്നീട് ഒരു നീക്കവുമുണ്ടായില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!