ChuttuvattomThodupuzha

കാരിക്കോട് – തെക്കുംഭാഗം റോഡ് ആധുനിക നിലവാരത്തില്‍ ടാര്‍ ചെയ്യും

തൊടുപുഴ: നിത്യേന നൂറ് കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന കാരിക്കോട് – തെക്കുംഭാഗം റോഡ് ആധുനിക നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നു. തൊടുപുഴ – ആനക്കയം റോഡില്‍ കാരിക്കോട് മുതല്‍ തെക്കുംഭാഗം മലങ്കര ഗേറ്റ് വരെയുള്ള 4.25 കിലോ മീറ്റര്‍ ഭാഗമാണ് ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിന് നടപടിയായത്. ഇതിനായി 4.93 കോടി രൂപയുടെ ഇ- ടെന്‍ഡര്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. മൂവാറ്റുപുഴ സ്വദേശിയാണ് ടെന്‍ഡര്‍ എടുത്തിരിക്കുന്നത്. നിലവിലുള്ള റോഡ് പരമാവധി 7 മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്യും. അതേ സമയം റോഡിനു വീതി കുറവുള്ള ഭാഗങ്ങളില്‍ നിലവിലുള്ള വീതി പൂര്‍ണമായും എടുത്ത് ടാര്‍ ചെയ്യാനാണ് തീരുമാനം. വരും ദവസങ്ങളില്‍ മറ്റ് നടപടികള്‍ കൂടി പൂര്‍ത്തിയായാല്‍ റോഡ് നിര്‍മാണത്തിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഈ വേനലില്‍ തന്നെ റോഡ് റീ ടാര്‍ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
ഭാരവാഹനങ്ങളടക്കം പോകുന്ന റോഡ് ഇപ്പോള്‍ തന്നെ പല ഭാഗത്തും കുണ്ടും കുഴിയുമായ നിലയിലാണ്. അതേ സമയം കാരിക്കോട് മുതല്‍ തെക്കുംഭാഗം വരെയുള്ള ഭാഗത്ത് റോഡില്‍ പലയിടത്തും കയ്യേറ്റം നടന്നിട്ടുണ്ട്. ഇത് ഒഴിപ്പിച്ച് പരമാവധി വീതി കൂട്ടി ടാര്‍ ചെയ്യാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചില ഭാഗങ്ങളില്‍ റോഡിന് നിലവില്‍ നാല് മീറ്റര്‍ പോലും വീതി ഇല്ലാത്ത സ്ഥിതിയുണ്ട്. അതിനാല്‍ ഇത്തരം ഭാഗങ്ങളില്‍ റോഡ് വീതി കൂട്ടി ടാര്‍ ചെയ്യണമെന്നാണ് ആവശ്യം. കീരികോട് ഭാഗത്ത് ചില മേഖലകളില്‍ രണ്ട് വലിയ വാഹനങ്ങള്‍ക്ക് സൈഡ് കൊടുത്ത് കടന്നു പോകാന്‍ സാധിക്കാത്ത സ്ഥിതിയാണ്. തെക്കുംഭാഗത്തുള്ള രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഫാക്ടറികള്‍ ഉള്‍പ്പെടെ അനവധി സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ബാങ്കുകള്‍ തുടങ്ങി നിരവധിയിടങ്ങളിലേക്കുള്ള ഗതാഗത മാര്‍ഗമാണ് കാരിക്കോട് – തെക്കുംഭാഗം റോഡ്. ആധുനിക രീതിയില്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ നിലവിലുള്ള ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

 

Related Articles

Back to top button
error: Content is protected !!