Thodupuzha

കരിണ്ണൂരിലെ ഭൂപതിവ് ഓഫീസ് നിലനിര്‍ത്തണം: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്

തൊടുപുഴ: ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ വണ്ണപ്പുറം, ഉടുമ്പന്നൂര്‍, വെള്ളിയാമറ്റം, നെയ്യശേരി, അറക്കുളം എന്നീ വില്ലേജുകളുടെ പരിധിയില്‍ വരുന്നതും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ ഏറെ അധിവസിക്കുന്നതുമായ പ്രദേശങ്ങളില്‍ പട്ടയം വേഗത്തില്‍ നല്‍കുന്നതിന് വേണ്ടി കരിമണ്ണൂരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഭൂപതിവ് ഓഫീസ് ഇടുക്കിയിലേക്ക് മാറ്റുന്നതിനുള്ള നടപടി അവസാനിപ്പിക്കണമെന്ന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നിലവില്‍ ഉടുമ്പന്നൂര്‍ വില്ലേജില്‍ പട്ടയം ലഭിക്കുന്നതിനുള്ള 3571 അപേക്ഷ ലഭിച്ചിട്ടുണ്ട്. ഇതുവരെ 894 എണ്ണത്തിന് മാത്രമേ പട്ടയം നല്‍കാന്‍ കഴിഞ്ഞിട്ടുള്ളു. വെള്ളിയാമറ്റം വില്ലേജില്‍ 3764 അപേക്ഷകള്‍ ലഭിച്ചതില്‍ 47 എണ്ണത്തിന് മാത്രമേ പട്ടയം നല്‍കാന്‍ കഴിഞ്ഞുള്ളു. അറക്കുളം വില്ലേജില്‍ 1500 അപേക്ഷകള്‍ ലഭിച്ചതില്‍ ഒരു പട്ടയം പോലും നല്‍കിയിട്ടുള്ളൂ. വണ്ണപ്പുറം, നെയ്യശേരി വില്ലേജുകളില്‍ അപേക്ഷ സ്വീകരിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടേയുള്ളു.
കരിമണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ഭൂപതിവ് ഓഫീസ് ഇവിടെ നിന്നും മാറ്റിയാല്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്കും അപേക്ഷ നല്‍കാനിരിക്കുന്നവര്‍ക്കും പട്ടയനടപടി അന്തമായി നീളുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്. അപേക്ഷകരുടെ ആശങ്ക പരിഹരിക്കുന്നതിനു വേണ്ടി മുകളില്‍ പറഞ്ഞിരിക്കുന്ന വില്ലേജുകളിലെ പട്ടയനടപടി പൂര്‍ത്തിയാവുന്നതുവരെ കരിമണ്ണൂരിലെ ഭൂപതിവ് ഓഫീസ് അവിടെത്തന്നെ നിലനിര്‍ത്തണം എന്ന് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി ഐക്യകണ്ഠേന ആവശ്യപ്പെട്ടു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടോമി തോമസ് കാവാലം, മെമ്പര്‍ കെ. എസ്. ജോണ്‍ എന്നിവര്‍ പ്രമേയത്തെ പിന്തുണച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി സന്തോഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആന്‍സി സോജന്‍, ബ്ലോക്ക് മെമ്പര്‍മാരായ കെ. കെ. രവി, അഡ്വ. ആല്‍ബര്‍ട്ട് ജോസ്, ജിജി സുരേന്ദ്രന്‍, നൈസി ഡെനില്‍, ടെസിമോള്‍ മാത്യു, മിനി ആന്റണി, ഡാനിമോള്‍ വര്‍ഗീസ് എന്നിവര്‍ പ്രമേയത്തെ പിന്താങ്ങി.
മുഖ്യമന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, പട്ടികജാതി പട്ടികവര്‍ഗ്ഗവികസന വകുപ്പ് മന്ത്രി, എം.പി., എം.എല്‍.എ., ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കാന്‍ കമ്മിറ്റി തീരുമാനിച്ചു.

Related Articles

Back to top button
error: Content is protected !!