Idukki

ഇടുക്കി ആസ്ഥാനത്തെ ഭൂമി കൈയേറ്റം ; 20 വര്‍ഷത്തിനുശേഷം ചുവപ്പുനാടയുടെ കുരുക്കഴിയുന്നു

ഇടുക്കി : ജില്ല ആസ്ഥാനത്തെ ഭൂമി കൈയേറ്റത്തെക്കുറിച്ച് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ 20 വര്‍ഷത്തിനുശേഷം നടപടി.ഹൈക്കോടതി ഉത്തരവനുസരിച്ച് അന്ന് സര്‍വിസിലിരുന്ന 19 ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ അന്വേഷണം വരും. ജില്ല ആസ്ഥാനത്തെ ഭൂമി കൈയേറ്റത്തെക്കുറിച്ച് അന്നത്തെ ഇന്റലിജന്‍സ് അഡീഷനല്‍ ഡയറക്ടര്‍ രാജന്‍ മധേക്കര്‍ അന്വേഷിച്ച് സര്‍ക്കാറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇപ്പോള്‍ നടപടി. 2004 ഏപ്രില്‍ ഒന്നിനാണ് കലക്ടര്‍ക്ക് നടപടി ശിപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് നല്‍കിയത്. ജില്ല ആസ്ഥാനം, മൂന്നാര്‍, വാഗമണ്‍ എന്നിവിടങ്ങളിലായി ഭൂമി കൈയേറി മൂവായിരത്തോളം വ്യാജപട്ടയങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൈയേറ്റങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ സാമുദായിക വ്യവസായ പ്രമുഖരാണെന്ന കണ്ടെത്തലാണ് നടപടി ചുവപ്പുനാടയില്‍ കുരുങ്ങാന്‍ കാരണം. പൈനാവില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി തന്നെ ഭൂമി കൈയേറി ഓഫിസ് നിര്‍മിക്കുകയും ഈ കൈയേറ്റ ഭൂമിക്ക് പൈനാവ് സ്‌പെഷല്‍ തഹസില്‍ദാര്‍ പട്ടയം നല്‍കിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കൈയേറ്റ ഭൂമിക്കു വ്യാജരേഖ ചമച്ച് വന്‍തുകകള്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുക്കുകയും ചെയ്തിരുന്നു. വ്യാജരേഖകള്‍ക്കെതിരെ നിരവധി കേസുകള്‍ എടുത്തെങ്കിലും രാഷ്ടീയ സ്വാധീനം ഉപയോഗിച്ച് നടപടി ഒഴിവാക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 60 കൈയേറ്റമാണ് ഇടുക്കി അണക്കെട്ട് പരിസരത്ത് നടന്നിരുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇടുക്കി ഡാം തുറന്നുവിട്ടാല്‍ വെള്ളം കയറാവുന്ന ഇത്തരം ഭൂമിയില്‍ അനധികൃതമായി ബഹുനില കെട്ടിടങ്ങള്‍ നിര്‍മിച്ചു. ഇത്തരം കൈയേറ്റക്കാര്‍ നിയമവിധേയമാകാതെ റേഷന്‍കാര്‍ഡ്, വാട്ടര്‍ കണക്ഷന്‍, വൈദ്യുതി കണക്ഷന്‍ എന്നിവയെടുത്തു. വൈദ്യുതി ബോര്‍ഡിന്റെ അധീനതയിലുള്ള ഭൂമിയില്‍ നടന്ന കൈയേറ്റങ്ങളെക്കുറിച്ച് അധികൃതര്‍ മൗനം പാലിച്ചതിലും ദുരൂഹതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പൈനാവ് മേഖലയിലെ 40ഓളം കൈയേറ്റക്കാരില്‍ 20ഓളം പേര്‍ തമിഴ്‌നാട്ടിലെ തേനി ജില്ലക്കാരാണ്. 1980 മുതല്‍ ഇവിടെ ഭൂമി കൈയേറി നിര്‍മ്മാണം നടത്തിയിരുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

വിവരങ്ങള്‍ പുറത്തായതോടെ അനധികൃതമായി നിര്‍മ്മിച്ച പട്ടയങ്ങള്‍ സംബന്ധിച്ച രേഖകളും തണ്ടപ്പേര്‍ ബുക്കും വ്യാജ പട്ടയനിര്‍മ്മാണത്തിനു ചുക്കാന്‍ പിടിച്ച ഇടുക്കി വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥര്‍തന്നെ നശിപ്പിക്കുന്നതിന് കൂട്ടുനിന്നതായും റിപ്പോര്‍ട്ടിലുണ്ട്. വ്യാജപട്ടയലോബിയില്‍ ഉദ്യോഗസ്ഥരെക്കൂടാതെ ചില നാട്ടുകാരും പങ്കാളികളാണന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്ന് നടപടിക്കു ശിപാര്‍ശ ചെയ്ത 19 ഉദ്യോഗസ്ഥരില്‍ പലരും പെന്‍ഷന്‍ പറ്റി. ഒരാള്‍ മരണപ്പെട്ടു. ഭൂമികൈയേറ്റത്തെക്കുറിച്ച് രാജന്‍ മധേക്കര്‍ നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച് കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായിട്ടില്ലെന്ന് കാണിച്ച് ചിലര്‍ കോടതിയെ സമീപിച്ചതോടെയാണ് 20 വര്‍ഷത്തിനുശേഷം ഹൈക്കോടതിയുടെ ഉത്തരവുണ്ടായത്. 19 ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ അന്വേഷണം വേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

 

Related Articles

Back to top button
error: Content is protected !!