ChuttuvattomThodupuzha

കെഎസ്ആര്‍ടിസി ഗ്രാമീണ സര്‍വീസുകള്‍ക്ക് ജീവന്‍; തൊടുപുഴയ്ക്ക് പ്രതീക്ഷ

തൊടുപുഴ :കെഎസ്ആര്‍ടിസിയുടെ മുടങ്ങി കിടക്കുന്ന മുഴുവന്‍ ഗ്രാമീണ സര്‍വീസുകളും പഴയ ഓര്‍ഡിനറി സര്‍വീസുകളും പുന:രാരംഭിക്കുമെന്ന പ്രഖ്യാപനം തൊടുപുഴ മേഖലയിലെ നൂറു കണക്കിനു യാത്രക്കാര്‍ക്ക് ആശ്വാസമായി. ഇത് നടപ്പിലായാല്‍ തൊടുപുഴ ഡിപ്പോയില്‍ നിന്നുള്ള ഒട്ടേറെ ഓര്‍ഡിനറി സര്‍വീസുകള്‍ പുന:രാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. പുതിയ ഗതാഗത മന്ത്രി അധികാരം ഏറ്റതോടെയാണ് പഴയ സര്‍വീസുകള്‍ മുഴുവന്‍ ആരംഭിക്കണമെന്ന നിര്‍ദേശം വന്നത്.

തൊടുപുഴ ഡിപ്പോയില്‍ നിന്ന് കോവിഡ് കാലത്തിനു മുന്‍പ് ഉണ്ടായിരുന്ന എട്ടോളം സര്‍വീസുകളാണ് ഇപ്പോഴും പുന:രാരംഭിക്കാന്‍ സാധിക്കാതെ കിടക്കുന്നത്. പ്രധാനമായും ബസുകള്‍ ഇല്ലാത്തതാണ് പ്രശ്‌നമെന്നാണ് ഡിപ്പോ അധികൃതര്‍ പറയുന്നത്.
കട്ടപ്പന, ചോറ്റാനിക്കര, ആലപ്പുഴ, അടിമാലി, തോപ്രാംകുടി, ആനക്കയം, മുള്ളരിങ്ങാട്, ചെപ്പുകുളം തുടങ്ങിയ റൂട്ടുകളില്‍ നേരത്തെ ഉണ്ടായിരുന്ന ഒട്ടേറെ ട്രിപ്പുകള്‍ ഇപ്പോഴും ഓടിക്കുന്നില്ല. കട്ടപ്പനയ്ക്ക് രാത്രി 8ന് തൊടുപുഴയില്‍ നിന്നുണ്ടായിരുന്ന സര്‍വീസ് നിര്‍ത്തലാക്കിയിട്ട് ഇതേ വരെ പുന:രാരംഭിച്ചിട്ടില്ല. വൈകിട്ട് 6.40നുള്ള ബസ് പോയിക്കഴിഞ്ഞാല്‍ പിന്നെ ഇപ്പോള്‍ രാത്രി 11നാണ് കട്ടപ്പനയ്ക്ക് അടുത്ത ബസ് ഉള്ളത്. ഇത് ഈ റൂട്ടിലെ ഒട്ടേറെ യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാകുന്നുണ്ട്. അതുപോലെ തൊടുപുഴ അടിമാലി റൂട്ടില്‍ 3 സര്‍വീസുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒന്നു പോലും ഓടിക്കുന്നില്ല. രാവിലെ 5.40ന് തോപ്രാംകുടിക്ക് ഉണ്ടായിരുന്ന സര്‍വീസും പുന:രാരംഭിച്ചിട്ടില്ല. പൈങ്ങോട്ടൂര്‍ വഴി മുള്ളരിങ്ങാട് വെള്ളക്കയം റൂട്ടില്‍ ഉണ്ടായിരുന്ന ബസിന്റെ കാര്യവും ഇതു തന്നെ.

നാലര പതിറ്റാണ്ട് മുന്‍പ് മൂവാറ്റുപുഴ ഡിപ്പോയില്‍ നിന്ന് ആരംഭിച്ച ആനക്കയം സര്‍വീസ് കോവിഡ് കാലത്ത് നിര്‍ത്തലാക്കിയതാണ്. ഈ സര്‍വീസ് പുന:രാരംഭിക്കാന്‍ ജില്ലയിലെ മന്ത്രി തന്നെ ഇടപെടേണ്ടി വന്നു. എന്നിട്ടും പേരിന് 3 ട്രിപ്പുകള്‍ മാത്രമാണ് ഓടിക്കുന്നത്. ഇഞ്ചിയാനി വഴിയും അഞ്ചിരി വഴിയും ഉണ്ടായിരുന്ന മുഴുവന്‍ ട്രിപ്പുകളും പുന:രാരംഭിക്കണമെന്നാണ് ഈ റൂട്ടിലെ യാത്രക്കാരുടെ ആവശ്യം. ചോറ്റാനിക്കരയ്ക്ക് ഉള്ള ഒരു ട്രിപ്പ് മാത്രമാണ് ഇപ്പോള്‍ ഓടിക്കുന്നത്. ആലപ്പുഴയ്ക്ക് വൈകിട്ട് ഉണ്ടായിരുന്ന സ്റ്റേ സര്‍വീസും നിലച്ച് കിടക്കുകയാണ്.
കുറഞ്ഞത് 8 ബസുകള്‍ കിട്ടിയാല്‍ നേരത്തെ ഉണ്ടായിരുന്ന മുഴുവന്‍ ട്രിപ്പുകളും പുന:രാരംഭിക്കാന്‍ കഴിയുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. പല റൂട്ടിലും സര്‍വീസുകള്‍ നിലച്ചതിനു പിന്നില്‍ സ്വകാര്യ ബസ് ലോബിയുടെ സ്വാധീനമാണെന്ന ആക്ഷേപം ശക്തമാണ്. സ്വകാര്യ ബസുകള്‍ നല്ല ലാഭകരമായി സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ കെഎസ്ആര്‍ടിസി ആരംഭിച്ചാലും ഏതാനും ദിവസത്തിനകം നിര്‍ത്തലാക്കുന്ന സ്ഥിതിയാണ്. അല്ലെങ്കില്‍ ട്രിപ്പുകള്‍ മുടക്കിയും സമയ ക്ലിപ്തത പാലിക്കാതെയും മന:പൂര്‍വം നഷ്ടത്തിലാക്കി ട്രിപ്പ് ഇല്ലാതാക്കുന്ന സമീപനമാണ് പലപ്പോഴും ഉണ്ടാകുന്നത്. പുതിയതും പഴയതുമായ സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യാന്‍ അടുത്ത 6 ന് ഡിപ്പോ അധികൃതരുടെയും യൂണിയന്‍ നേതാക്കളുടെയും യോഗം ചേരും.

Related Articles

Back to top button
error: Content is protected !!