IdukkiLocal Live

ലോക്‌സഭാ തെരഞ്ഞെടുപ്പ് : ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്

ഇടുക്കി : ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു. ഏഴു മണ്ഡലങ്ങളിലായി 1315 പോളിംഗ് സ്റ്റേഷനുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് ആവശ്യമായ 6312 പോളിംഗ് ഉദ്യോഗസ്ഥരെ നിയമിച്ചു കഴിഞ്ഞു. ജില്ലയില്‍ 1578 കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും 1710 വിവി പാറ്റ് യന്ത്രങ്ങളും സജ്ജമാക്കി. ഏപ്രില്‍ 25 ന് രാവിലെ 8 മുതല്‍ പോളിംഗ് യന്ത്രങ്ങളുടെയും മറ്റ് പോളിംഗ് സാമഗ്രികളുടെയും വിതരണം നടക്കും. ജില്ലയില്‍ ക്രിട്ടിക്കല്‍ ബൂത്തുകളില്ല. 56 പ്രശ്നബാധിത (സെന്‍സിറ്റീവ്) പോളിംഗ് ബൂത്തുകളുണ്ട്. ഇവിടങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരെയും 47 സൂക്ഷ്മ നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്.

7717 പോലീസ് ഉദ്യോഗസ്ഥരെ വോട്ടെടുപ്പ് ദിനത്തില്‍ നിയമിച്ചിട്ടുണ്ട്. 25 സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ വോട്ടെടുപ്പ് കേന്ദ്രത്തിലും സ്‌ട്രോംഗ് റൂമുകളിലും നിയമിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ മദ്യ വില്‍പ്പനശാലകളും എപ്രില്‍ 24 ബുധനാഴ്ച വൈകിട്ട് 6 മുതല്‍ വോട്ടെടുപ്പ് തീരുന്ന ഏപ്രില്‍26 വെള്ളിയാഴ്ച വൈകിട്ട് ആറ് വരെ അടച്ചിടും. ഏപ്രില്‍ 24 ബുധനാഴ്ച 6ന് കൊട്ടി കലാശത്തോടുകൂടി പരസ്യപ്രചരണത്തിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാകും. പിന്നീടുള്ള 48 മണിക്കൂര്‍ നിശബ്ദ പ്രചരണം ആയിരിക്കും. 144 പ്രഖ്യാപിക്കുന്നതോടുകൂടി കൂട്ടം കൂടിയ പ്രചാരണ പരിപാടികള്‍ അവസാനിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

752 പോളിംഗ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ജില്ലാതലത്തില്‍ 7 മണ്ഡലങ്ങളിലും കണ്‍ട്രോള്‍ റൂം ആരംഭിച്ചു. വോട്ടെടുപ്പ് ദിനത്തില്‍ സാങ്കേതിക സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പ് വരുത്തുന്നതിന് പ്രത്യേകം കണ്‍ട്രോള്‍ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. മീഡിയ മോണിറ്ററിംഗ് സെല്ല്, പോള്‍ മാനേജര്‍, വിവിധ ഐടി ഓപ്പറേഷനുകള്‍ക്ക് വേണ്ടിയുള്ള കണ്‍ട്രോള്‍ റൂമുകള്‍, വെബ് കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂമുകള്‍, തുടങ്ങി വിവിധ കണ്‍ട്രോള്‍ റൂമുകള്‍ നിലവില്‍ ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇതുവരെ 7707 ഹോം വോട്ടിംഗ് നടന്നിട്ടുണ്ട്. വോട്ടിംഗ് ഫെസിലിറ്റേഷന്‍ സെന്ററുകളിലും പോളിംഗ് നടന്നുകൊണ്ടിരിക്കുന്നു. 418 പേര്‍ വോട്ടിംഗ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ വഴി വോട്ട് ചെയ്തിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!