ChuttuvattomThodupuzha

അധ്യാപനം മാത്രമല്ല കൃഷിയും വഴങ്ങും മേരി ടീച്ചറിന്

തൊടുപുഴ: കുട്ടികളെ പഠിപ്പിക്കാന്‍ മാത്രമല്ല താന്‍ നല്ലൊരു കര്‍ഷക കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് മൈലക്കൊമ്പ് ഇലഞ്ഞിക്കോട്ടില്‍ എം.ജെ.മേരി. കൈ, മെയ്യ് മറന്ന് മേരിക്കൊപ്പം ഭര്‍ത്താവ് ഇ.എസ്.നാരായണനും കൂടെയുണ്ട്. തങ്ങളുടെ വീട്ടിലേക്കു വേണ്ട പച്ചക്കറികളും കിഴങ്ങുവര്‍ഗങ്ങളും പഴങ്ങളും സ്വന്തമായി കൃഷി ചെയ്തു ഉത്പാദിപ്പിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും.
വീടിനോട് ചേര്‍ന്നുളള രണ്ടര ഏക്കര്‍ സ്ഥലത്ത് മുപ്പത് സെന്റില്‍ ചേന, ചേമ്പ്, കാച്ചില്‍, ചെറുകിഴങ്ങ്, മത്തന്‍, ഇഞ്ചി, മഞ്ഞള്‍, കുമ്പളം, പയര്‍, വെണ്ട, മുളക്, എന്നിവയും ഇതിനുപുറമേ കാപ്പിക്കുരു, റബ്ബര്‍, കൊക്കോ, റംബൂട്ടാന്‍ എന്നിവയും കൃഷിചെയ്തു വരുന്നു. പണ്ട് മുതല്‍ കൃഷി ചെയ്ത് വരുന്നുണ്ടെങ്കിലും സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷമാണ് ഇരുവരും ചേര്‍ന്ന് കൃഷിക്ക് കൂടുതല്‍ ശ്രദ്ധനല്‍കാന്‍ തുടങ്ങിയതെന്ന് മേരി ടീച്ചര്‍ പറയുന്നു. തങ്ങളുടെ വീട്ടിലേക്ക് ആവശ്യമായ എല്ലാം സ്വന്തമായി കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്നതിലൂടെ പുറത്ത് നിന്നും കീടനാശിനികളടങ്ങിയ പഴങ്ങളും പച്ചക്കറികളും ഒഴിവാക്കാനാകുന്നുവെന്നും ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. പൂര്‍ണമായും ജൈവ കീടനാശിനികളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. വീട്ടിലേ ആവശ്യത്തിനു ശേഷം തൊടുപുഴ കാഡ്‌സിലേയ്ക്കും വീടിനു സമീപമുളള കടകളിലും കൊടുക്കാറുണ്ട്. മുളളരിങ്ങാട് ഗവ.ഹൈസ്‌കൂളില്‍ നിന്നും 2006-ലാണ് മേരി ടീച്ചര്‍ വിരമിക്കുന്നത്. ഏഴല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന കുമാരമംഗലം ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മികച്ച കര്‍ഷകയ്ക്കുളള പുരസ്‌കാരം മേരി ടീച്ചറിന് 2003-ല്‍ ലഭിച്ചു. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന കൗണ്‍സിലംഗവും ആണ് മേരി ടീച്ചര്‍. ഭര്‍ത്താവ് ഇ.എസ്.നാരായണന്‍ കെ.എസ്.ആര്‍.ടി.സി. ഇന്‍സ്‌പെക്ടറായിരുന്നു. 2003-ലാണ് ഇദ്ദേഹം വിരമിക്കുന്നത്. മക്കള്‍ അജിത്ത്, ഗ്രീഷ്മ. മരുമകള്‍ ഇന്ദു.

Related Articles

Back to top button
error: Content is protected !!