IdukkiLocal Live

മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സമരം : മന്ത്രിതല ചര്‍ച്ച വിജയകരം ; സമരം ഇന്ന് പിന്‍വലിച്ചേക്കും

ചെറുതോണി : ഇടുക്കി മെഡിക്കല്‍ കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന രാപ്പകല്‍ സമരം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഇന്ന് പിന്‍വലിച്ചേക്കും. ഇന്നലെ രാവിലെ 10 ന് തിരുവനന്തപുരത്ത് എത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയകരമായിരുന്നുവെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പറഞ്ഞു. പ്രധാന ആവശ്യമായിരുന്ന ലാബിന്റെ നിര്‍മാണം ജൂണ്‍ 25 ന് മുമ്പായി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിന്റെ നിര്‍മ്മാണം ഓഗസ്റ്റ് ഒന്നിന് മുമ്പായി തീര്‍ക്കുമെന്നും മറ്റ് ആവശ്യങ്ങള്‍ അടിയന്തിരമായി പരിഹരിക്കുമെന്നും മന്ത്രി വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.

ഇതിനു മുമ്പ് മൂന്നു പ്രാവശ്യം വിദ്യാര്‍ത്ഥികള്‍ ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തിയിരുന്നു. സമരത്തെ തുടര്‍ന്ന് അധികൃതരും വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചകളില്‍ 45 ദിവസത്തിനുള്ളില്‍ പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇത്തവണ മന്ത്രി നല്‍കിയിരിക്കുന്ന ഉറപ്പ് പാലിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികളുമായി മന്ത്രി നടത്തിയ ചര്‍ച്ചക്ക് ശേഷം ഡിഎംഇ ഉദ്യോഗസ്ഥരും ഇടുക്കി മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ ചുമതലയുള്ള കിറ്റ് കോയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ വിവരംകൂടി ലഭിച്ചശേഷം ഇന്ന് സമരം അവസാനിപ്പിക്കുന്ന കാര്യം തീരുമാനിക്കുമെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ അറിയിച്ചു. നിലവില്‍ സമരം തുടരുകയാണെന്നും ഇവര്‍ പറഞ്ഞു. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ രാപ്പകല്‍ സത്യാഗ്രഹസമരം ഇന്ന് ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കയാണ്. സമരം തുടങ്ങി മൂന്നാം ദിവസം ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിനും ആരോഗ്യ വകുപ്പ് മന്ത്രിയുടെ പി.എ യുമായി വിദ്യാര്‍ത്ഥി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതിനിടെ വിദ്യാര്‍ത്ഥികളുടെ സമരത്തിന് സമൂഹത്തിന്റെ വിവിധ തലത്തിലുള്ളവരുടെ പിന്തുണ വര്‍ധിച്ചു വരികയായിരുന്നു.

 

Related Articles

Back to top button
error: Content is protected !!