AccidentIdukkiThodupuzha

കുളിക്കാനെത്തിയ വിദ്യാര്‍ഥി കനാലിലെ വെള്ളത്തില്‍ ബോധരഹിതനായി വീണു; അതീവ ഗുരുതരാവസ്ഥയിൽ

തൊടുപുഴ: ഇടവെട്ടിയിൽ എം.വി.ഐ.പി കനാലിൽ സുഹൃത്തുക്കളോടൊത്ത് കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങി അതീവ ഗുരുതരാവസ്ഥയിലായ ബാലനെ ആലുവയിൽ സ്വകാര്യ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കരിമണ്ണൂർ ഒറ്റിത്തോട്ടത്തിൽ റഹിമിന്റെയും ഷക്കീലയുടെയും മകൻ ബാദുഷ (13)യാണ് കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിത്താണത്. ഇന്നലെ ഉച്ചക്ക് ശേഷമായിരുന്നു അപകടം. ഇടവെട്ടിയിലെ മാതൃഭവനത്തിൽ എത്തിയ ബാദുഷ മറ്റ് കുട്ടികൾക്കൊപ്പം കുളിക്കുന്നതിനായാണ് കനാലിലെത്തിയത്. ഇതിനിടെ വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു. ഏറെ സമയത്തിന് ശേഷം മറ്റ് കുട്ടികളിൽ നിന്ന് വിവരമറിത്തെത്തിയവരാണ് കുട്ടിയെ കരയിൽ എത്തിച്ചത്. ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി അതീവ ഗുരുതരമായതിനാൽ ഐസിയു ആംബുലൻസിൽ രാജഗിരിയിലേക്ക് പുറപ്പെട്ടു. എന്നാൽ യാത്രാമദ്ധ്യേ സ്ഥിതി വീണ്ടും ഗുരുതരമായതോടെ വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകി. ഇതിന് ശേഷമാണ് രാജഗിരിയിലെ ആശുപത്രിലേക്ക് കൊണ്ടു പോയത്. റോഡിൽ ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാൻ തൊടുപുഴ ട്രാഫിക് പൊലീസ് വാഹനത്തിന്റെ അകമ്പടിയോടെയാണ് നഗര പ്രദേശത്തു കൂടി ആംബുലൻസ് പോയത്. വയർലസ് സന്ദേശത്തെ തുടർന്ന് വാഴക്കുളം, മൂവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിലെ പൊലീസും റോഡിൽ തടസ്സം ഉണ്ടാകാതെ ആംബലൻസിന് വഴിയൊരുക്കി. തൊടുപുഴയിലെ ആംബുലൻസ് ഡ്രൈവർ അജാക്സ് 35 മിനിറ്റു കൊണ്ട് കുട്ടിയെ രാജഗിരി ആശുപത്രിയിൽ എത്തിച്ചു.

Related Articles

Back to top button
error: Content is protected !!