Thodupuzha

മിറക്കിള്‍ ഗാര്‍ഡനൊരുക്കി തൊടുപുഴ ഫ്‌ളവര്‍ ഷോ 14 മുതല്‍

 

തൊടുപുഴ : കോലാനി ബൈപാസ് റോഡിനു സമീപത്തെ പുളിമൂട്ടില്‍ ഗ്രൗണ്ടില്‍ ഫ്‌ളവര്‍ ഷോ 14 മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ദുബായിലെ മിറാക്കിള്‍ ഗാര്‍ഡന്‍ മാതൃകയിലാണ് ഫ്‌ളവര്‍ ഷോ ഒരുക്കിയിരിക്കുന്നത്.ശ്രീനന്ദനം എന്റര്‍ടൈന്‍മെന്റാണ് സംഘാടകര്‍.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉല്ലസിക്കാവുന്ന തരത്തില്‍ നിര്‍മിത പുഷ്പ വിന്യാസത്തിന്റെ വിശാല ലോകമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഫാമിലി ഷോപ്പിംഗിനും രുചിവൈവിധ്യം ആസ്വദിക്കാനും സന്ദര്‍ശകര്‍ക്കാകും. സ്വദേശിയും വിദേശിയുമായ വിവിധയിനം പൂക്കളുകളുടെ കാഴ്ച മിറക്കിള്‍ ഗാര്‍ഡന്റെ പ്രത്യേകതയാണ്.വീടുകള്‍, ട്രെയിനുകള്‍ എന്നിവയുടെ മാതൃകയില്‍ പുഷ്പാലങ്കാരമുണ്ട്.വ്യത്യസ്ത നിറങ്ങളിലുള്ള മേരി ഗോള്‍ഡ്, ബോഗന്‍ വില്ല, അഡീനിയം, ബിഗോണിയ, ഡയാന്തസ്, സീനിയ, ബര്‍ബീന, ജമന്തി, മെലസ്റ്റോമ, ജറിബറ, ഫ്ലോക്സ്, കാക്ക പൂവ് തുടങ്ങി ഗാര്‍ഡന്‍ പ്രേമികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന നിരവധി ചെടികളും പൂക്കളുകളും അലങ്കരിച്ച് ഒരുക്കിയിട്ടുണ്ട്.വയനാട് ലവ് ഡെയ്ല്‍ അഗ്രിക്കള്‍ച്ചറല്‍ ഫാമാണ് പുഷ്പമേള തയാറാക്കിയിരിക്കുന്നത്.അപൂര്‍വ കറന്‍സികള്‍, നാണയങ്ങള്‍ തുടങ്ങി അറിവിന്റെ അത്ഭുതമായി പൈതൃക പാരമ്പര്യ ചരിത്ര പ്രദര്‍ശനവും മേളയിലുണ്ട്.മേളനഗരിയില്‍ എത്തുന്നവര്‍ക്കായി അമ്യൂസ്മെന്റ് പാര്‍ക്കും ഒരുക്കിയിട്ടുണ്ട്. 14 ന് വൈകുന്നേരം അഞ്ചിന് നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഫ്‌ളവര്‍ ഷോ ഉദ്ഘാടനം ചെയ്യും. ശനി, ഞായര്‍, അവധി ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ 9.30 വരെയും, സാധാരണ ദിവസങ്ങളില്‍ വൈകുന്നേരം നാലുമുതല്‍ രാത്രി 9.30 വരെയുമാണ് പ്രദര്‍ശനം. മേയ് 14വരെയാണ് ഷോ ഒരുക്കിയിട്ടുള്ളതെന്നും അധികൃതര്‍ പറഞ്ഞു. പത്ര സമ്മേളനത്തില്‍ സംഘാടകരായ പി.കെ.പ്രസാദ്, ആര്‍.രാജേഷ്, വിമല്‍ കാസര്‍ഗോഡ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!