ChuttuvattomThodupuzha

ജലവിതരണ പൈപ്പ് പൊട്ടി കുടി വെള്ളം പാഴാകുവാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ : നടപടിയെടുക്കാതെ അധികൃതര്‍

നെയ്യശ്ശേരി : ചീങ്കല്‍ സിറ്റി കോട്ട റോഡിന് (ഉണിച്ചിക്കവല ) സമീപം ജലവിതരണ പൈപ്പ് പൊട്ടി കുടി വെള്ളം പാഴാകുവാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും നടപടി സ്വീകരിക്കാതെ അധികൃതര്‍. വേനല്‍ക്കാലത്ത് ജനങ്ങള്‍ ശുദ്ധ ജലത്തിന് ക്ഷാമമനുഭവിക്കുമ്പോഴാണ് അധികൃതരുടെ അനാസ്ഥ മൂലം കുടി വെള്ളം പാഴായി പോകുന്നത്. അഞ്ചു മാസങ്ങള്‍ക്കു മുമ്പേ ഇവിടെ റോഡിനിരുവശത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. അതിനു ശേഷമാണ് പൈപ്പ് പൊട്ടി കുടി വെള്ളം പാഴാകുവാന്‍ തുടങ്ങിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ കരാറുകാരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പൈപ്പ് നന്നാക്കിയതാണ് എന്നാല്‍ ഇതേ സ്ഥാനത്തു തന്നെ വീണ്ടും പൈപ്പ് പൊട്ടി വെള്ളം പാഴാകുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പൈപ്പ് പൊട്ടി വെള്ളം പോകുന്നതിനാല്‍ പ്രദേശത്തെ വീടുകളിലെ ടാങ്കുകളിലേക്ക് വെള്ളം കയറാത്ത അവസ്ഥയാണെന്നും അതിനാല്‍ അഞ്ഞൂറും അറുന്നൂറും രൂപ വരെ മുടക്കി വെളളം പുറത്തു നിന്നും വാങ്ങുകയാണെന്നും പ്രദേശവാസികള്‍ പറയുന്നു. നിരവധി തവണ പഞ്ചായത്തധികൃതരെയും ജനപ്രതിനിധികളെയും വിവരമറിയിച്ചിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറാവുന്നില്ല. എത്രയും വേഗം പൊട്ടിയ പൈപ്പ് നന്നാക്കി നല്‍കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

 

Related Articles

Back to top button
error: Content is protected !!