ChuttuvattomThodupuzha

പാറക്കടവ് ഡംപിംഗ് യാര്‍ഡിലെ മാലിന്യം നീക്കാന്‍ നടപടികള്‍ ആരംഭിച്ചതായി നഗരസഭ

തൊടുപുഴ: നഗരസഭയുടെ പാറക്കടവ് ഡംപിംഗ് യാര്‍ഡിലെ മാലിന്യം നീക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പദ്ധതിക്കായി 2.85 കോടി രൂപയാണ് വിനിയോഗിക്കുന്നത്. ശുചിത്വമിഷന്‍ ഫണ്ട്, ഫിനാന്‍സ് കമ്മീഷന്‍ ഗ്രാന്റ് എന്നിവ പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. പ്രവര്‍ത്തനകാലത്ത് ഉണ്ടാകാവുന്ന എല്ലാവിധ സാമൂഹിക പാരിസ്ഥിക ഘടകങ്ങളും പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുക. പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ശുചിത്വ മിഷന്‍, നഗരസഭ എന്നിവയുടെ നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് പദ്ധതി നടപ്പാക്കുകയെന്ന് നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് പറഞ്ഞു. നഗരത്തിലെ വിവിധ ഇടങ്ങളില്‍നിന്ന് കൊണ്ടുവരുന്ന മാലിന്യങ്ങള്‍ പാറക്കടവ് ഡംപിംഗ് യാര്‍ഡിലായിരുന്നു നിക്ഷേപിക്കാര്‍.15 വര്‍ഷത്തോളമായി തള്ളുന്നതുമൂലം ഡംപിംഗ് യാര്‍ഡില്‍ മലപോലെ മാലിന്യം കുമിഞ്ഞിരിക്കുകയായിരുന്നു. ഇത് വലിയ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും നാട്ടുകാരുടെ എതിര്‍പ്പിനും കാരണമായിരുന്നു. 1,600 ക്യുബിക് മീറ്റര്‍ മാലിന്യം ഇവിടെയുണ്ടെന്നാണ് കണക്കാക്കുന്നത്. മാലിന്യം നീക്കംചെയ്യുന്നതിനു മുന്നോടിയായി ഇതിന്റെ കൃത്യമായ അളവ് കണ്ടെത്തും. തുടര്‍ന്ന് ഡപിംഗ് യാഡില്‍ വിവിധ യന്ത്രസാമഗ്രികള്‍ ഉള്‍പ്പെടുന്ന താത്കാലിക പ്ലാന്റ് സ്ഥാപിക്കും. വേര്‍തിരിച്ചെടുക്കുന്ന പ്ലാസ്റ്റിക്കില്‍നിന്ന് പുനരുപയോഗിക്കാവുന്നവ പ്ലാസ്റ്റിക് റീസൈക്ലിംഗ് സ്ഥാപനങ്ങള്‍ക്ക് കൈമാറും. പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്, തുണി ഉള്‍പ്പെടെയുള്ളവ സിമന്റ് ഫാക്ടറികള്‍ക്ക് ഫില്‍ ഇന്ധനമാകും. ജൈവ മാലിന്യം വളമാക്കി മാറ്റും. കെട്ടിടാവശിഷ്ടങ്ങള്‍, മണ്ണ് എന്നിവ രാസപരിശോധന നടത്തി അതില്‍നിന്ന് പരിസ്ഥിതിക്ക് ദോഷം ചെയ്യാത്തത് വേര്‍തിരിച്ചെടുത്ത് നിര്‍മ്മാണാവശ്യത്തിനു കൈമാറും. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അവശിഷ്ടങ്ങള്‍ മണ്ണിലോ വെള്ളത്തിലോ കലരാത്ത വിധം ശാസ്ത്രീയമായി നിക്ഷേപിക്കും.

Related Articles

Back to top button
error: Content is protected !!