ChuttuvattomThodupuzha

ആയുര്‍വേദ ഹോമിയോ ഡിസ്‌പെന്‍സറികളിലെ എന്‍.എ.ബി.എച്ച് അന്തിമ പരിശോധന ഒക്‌ടോബര്‍ 9 ന്

തൊടുപുഴ: ആയുര്‍വേദ ഹോമിയോ ഡിസ്‌പെന്‍സറികള്‍ ദേശീയ നിലവാരത്തിലേയ്‌ക്കെത്തിക്കുന്നതിന്റെ  ഭാഗമായുള്ള  ജില്ലയുടെ ആദ്യ എന്‍.എ.ബി.എച്ച് അന്തിമ പരിശോധനയ്ക്ക് തിങ്കളാഴ്ച്ച 9ന്.  വഴിത്തല സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ തുടക്കമാകും. ജില്ലയിലെ എല്ലാ ആയുഷ് ഹെല്‍ത് ആന്റ് വെല്‍നെസ് സെന്ററുകളും ഗുണനിലവാരം ഉറപ്പാക്കി എന്‍.എ.ബി.എച്ച്  സര്‍ട്ടിഫിക്കേഷന്‍ നേടാനുള്ള ശ്രമത്തിലാണ്.  ഇതിന്റെ ആദ്യപടിയായി  ആറ് സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറികളും അഞ്ച് സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളും ഉള്‍പ്പടെ 11  ആയുഷ് ഹെല്‍ത് ആന്റ് വെല്‍നെസ്  സെന്ററുകള്‍ എന്‍ട്രി ലെവല്‍ പരിശോധനകള്‍ക്കായി സജ്ജമാക്കി.

ആയുര്‍വേദ ഡിസ്‌പെന്‍സറികളായ  രാജാക്കാട്,  മൂന്നാര്‍ , വാത്തിക്കുടി, വഴിത്തല, കരിമണ്ണൂര്‍, കോടിക്കുളം എന്നിവയും  ഹോമിയോ ഡിസ്‌പെന്‍സറികളായ ,  കോലാനി , പഴയരിക്കണ്ടം, ചുരുളി, ചില്ലിത്തോട്, രാജകുമാരി എന്നിവയുമാണ് ഇപ്പോള്‍  തയ്യാറായിരിക്കുന്നത്.സ്ത്രീകളുടെയും നവജാത ശിശുക്കളുടെയും  പരിചരണം, കൗമാര ആരോഗ്യ സംരക്ഷണം , വയോജന ആരോഗ്യ പരിപാലനം എന്നിവയ്ക്ക് പ്രാധാന്യം നല്കുന്നതോടൊപ്പം പകര്‍ച്ചവ്യാധി പ്രതിരോധം, ജീവിതശൈലീ രോഗ നിയന്ത്രണം, ഓറല്‍ ഹെല്‍ത്ത് കെയര്‍,  പാലീയേറ്റീവ് കെയര്‍, മാനസിക ആരോഗ്യ സംരക്ഷണം എന്നിങ്ങനെ വിവിധ  വിഭാഗങ്ങളായി  പ്രത്യേക പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

ഡിസ്‌പെന്‍സറികളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി നാഷണല്‍ ആയുഷ് മിഷന്‍ വഴി ഓരോ സ്ഥാപനത്തിനും നല്കിയ 5 ലക്ഷം രൂപയുടെ  പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരണഘട്ടത്തിലാണ്. കൂടാതെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് വിവിധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എല്ലായിടത്തും യോഗാ പരിശീലകരുടെ സേവനവും നാഷണല്‍ ആയുഷ് മിഷന്‍ ഉറപ്പാക്കിയിട്ടുണ്ട്. ആധുനിക വിവരസാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി ആരോഗ്യ പ്രവര്‍ത്തനങ്ങളെ ക്രോഡീകരിക്കുന്നതിനും ശരിയായ രീതിയില്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനുമായി എല്ലാ ഡിസ്‌പെന്‍സറികള്‍ക്കും ലാപ്‌ടോപ്പും ലഭ്യമാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ ഔഷധ സസ്യ ഉദ്യാനവും ഡിസ്‌പെന്‍സറികളിലുണ്ട്. കൂടാതെ ആശാ പ്രവര്‍ത്തകരുടെ സേവനവും ആയുഷ് ഹെല്‍ത് ആന്റ് വെല്‍നെസ് സെന്ററുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!