ChuttuvattomThodupuzha

കുടിവെള്ള വിതരണത്തില്‍ അനാസ്ഥ :പമ്പ് ഓപ്പറേറ്ററെ നീക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

തൊടുപുഴ: കുടിവെള്ള വിതരണത്തിലെ അനാസ്ഥ കാരണം പമ്പ് ഓപ്പറേറ്ററെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. കുടിവെള്ളം പമ്പ് ചെയ്യുന്നയാളുടെ അവഗണന കാരണം വെള്ളം ലഭിക്കുന്നില്ലെന്ന പരാതിയില്‍ പമ്പ് ഓപ്പറേറ്ററെ തല്‍സ്ഥാനത്ത് നിന്ന് നീക്കുകയോ ഭാവിയില്‍ ഇത്തരം അവകാശ ലംഘനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടിയെടുക്കുകയോ ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. തൊടുപുഴ ജലഅതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കാണ് കമ്മിഷന്‍ അംഗം വി.കെ ബീനാ കുമാരി നിര്‍ദ്ദേശം നല്‍കിയത്. തൊടുപുഴ നെടിയശാല സ്വദേശിനി കാതറിന്‍ മാത്യു സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

എക്സിക്യൂട്ടീവ് എന്‍ജിനീയറില്‍ നിന്നും കമ്മിഷന്‍ റിപ്പോര്‍ട്ട് വാങ്ങി. മുണ്ടന്‍മല ജലസംഭരണിയില്‍ നിന്നാണ് പരാതിക്കാരിക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നിടവിട്ട ദിവസങ്ങളിലാണ് ജലവിതരണം നടത്തുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. മീറ്ററിലും കണക്ഷനിലും തകരാര്‍ കാണുന്നില്ല. പരാതിക്കാരിയുടെ വീട് ഉയര്‍ന്ന ഭാഗത്താണ്. വാല്‍വ് നിയന്ത്രണത്തില്‍ ആവശ്യമായ മാറ്റം വരുത്തി പ്രദേശത്ത് കുടിവെള്ള വിതരണം സുഗമമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പമ്പ് ഓപ്പറേറ്ററുടെ അനാസ്ഥ കാരണമാണ് തനിക്ക് വെള്ളം ലഭിക്കാത്തതെന്ന് പരാതിക്കാരി കമ്മിഷനെ അറിയിച്ചു. അര മണിക്കൂറെങ്കിലും പമ്പ് ചെയ്യാന്‍ നടപടിയെടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. പമ്പ് ഓപ്പറേറ്റര്‍ അടിസ്ഥാന അവകാശമായ കുടിവെള്ളം ലഭ്യമാക്കുന്നതില്‍ മനപൂര്‍വം തടസം സൃഷ്ടിക്കുകയാണെന്ന് ഉത്തരവില്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!