ChuttuvattomThodupuzha

തൊടുപുഴ റിവര്‍ വ്യൂ റോഡില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു

തൊടുപുഴ : നഗരത്തിലെ പുഴയോര ബൈപാസില്‍ സാമൂഹ്യവിരുദ്ധ ശല്യവും മാലിന്യ നിക്ഷേപവും രൂക്ഷമാകുന്നതായി പരാതി. തൊടുപുഴയാറിന്റെ തീരത്തു കൂടിയുള്ള പാത നഗരത്തിലെ ഏറ്റവും മനോഹരമായ ബൈപാസാണ്. എന്നാല്‍ പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നത് പ്രദേശവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. രാത്രിയും പകലും ഇവിടം മദ്യപാനികളുടെയും ലഹരി മാഫിയയുടെയും വിഹാര കേന്ദ്രമായി മാറും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഞ്ചരിക്കുന്നതിനു ഭയപ്പെടേണ്ട അവസ്ഥയാണ്.

റോഡിനോടു ചേര്‍ന്ന് പുഴയില്‍ അഞ്ചോളം കുളിക്കടവുകളുണ്ട്. കടവുകളിലേക്കിറങ്ങുന്ന പടികള്‍ ഇവര്‍ കൈയടക്കി മദ്യപാനത്തിനും മറ്റു സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുകയും മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിഞ്ഞ് കടവും പരിസരവും വൃത്തികേടാക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ കുളിക്കടവ് നാട്ടുകാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.

പ്രഭാത സവാരിക്കായി ഒട്ടേറെ ആളുകള്‍ ബൈപാസ് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഉപയോഗ ശേഷം വലിച്ചെറിയുന്ന മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും കാരണം കാല്‍നട യാത്രയും ദുസഹമായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ റിവര്‍ വ്യൂ റസിഡന്റ്‌സ് അസോസിയേഷന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ റോഡിലും പുഴയോരത്തും മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും കടവുകള്‍ ദുരുപയോഗം ചെയ്യുന്നതും ശിക്ഷാര്‍ഹമാണെന്ന ബോര്‍ഡുകളും സിസിടിവി ക്യാമറകളും സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൊടുപുഴ മുനിസിപ്പല്‍ അധികൃതര്‍ക്കും നിവേദനം നല്‍കി.

Related Articles

Back to top button
error: Content is protected !!