Local LiveMoolammattam

ജില്ലയില്‍ 13 ഏക്കറില്‍ കൂടി പച്ചത്തുരുത്ത് ;  ഹരിതകേരളം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം നടത്തി

മൂലമറ്റം : ഹരിതകേരളം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം അറക്കുളത്ത് തൊഴിലുറപ്പ് പദ്ധതി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബിന്‍സ് സി. തോമസ് നിര്‍വഹിച്ചു. പച്ചത്തുരുത്തുകളുടെ പരിപാലനത്തിനായി തുടര്‍ പ്രവൃത്തികള്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഏറ്റെടുക്കാം. ഇതിനായി പഞ്ചായത്തുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രോജക്ടുകള്‍ വയ്ക്കാനാകുമെന്നും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പറഞ്ഞു. ഇത്തവണ 13 ഏക്കറിലേയ്ക്ക് കൂടി പുതിയ പച്ചത്തുരുത്തുകള്‍ വ്യാപിപ്പിക്കുന്നതിനാണ് ഹരിതകേരളം മിഷന്‍ ലക്ഷ്യമിടുന്നത്. വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 14 പച്ചത്തുരുത്തുകള്‍ക്ക് കൂടി പ്രപ്പോസല്‍ വന്നിട്ടുണ്ട്. വൈകാതെ ഇവയുടെ നിര്‍മാണവും തുടങ്ങും. ജില്ലയില്‍ 73 പച്ചത്തുരുത്തുകളാണ് ഇതുവരെയുള്ളത്.

അറക്കുളം പഞ്ചായത്തിലെ മൂന്നാമത്തെ പച്ചത്തുരുത്തിനാണ് അറക്കുളം സെന്റ്. തോമസ് സ്‌കൂളിന് സമീപം എംവിഐപി വിട്ടു നല്‍കിയ ഒരേക്കര്‍ സ്ഥലത്ത് തുടക്കമിട്ടത്. പ്ലാവും നാരകവും കൂവളവും പേരയും മാങ്കോസ്റ്റിനുമടക്കം 100 തൈകളാണ് നട്ടത്. 200 തൈകള്‍ കൂടി വരുംദിവസങ്ങളില്‍ നടും. പരിസ്ഥിതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ഹരിത ചട്ടങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാണ് ഉദ്ഘാടനം നടത്തിയത്.

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് അധ്യക്ഷനായി.അറക്കുളം പഞ്ചായത്ത് സെക്രട്ടറി(ഇന്‍ ചാര്‍ജ്) ബിന്ദു ബി. നായര്‍ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വൈസ് പ്രസിഡന്റ് സുബി ജോമോന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. എല്‍. ജോസഫ്, ജോയിന്റ് ബിഡിഒ ഷൈലേഷ് ബാബു, കൃഷി ഓഫീസര്‍ സുജിതാ മോള്‍, ഹരിതകേരളം ആര്‍.പി.മാരായ എബി വര്‍ഗീസ്, അന്റു അഗസ്റ്റിന്‍, ജൈവ വൈവിധ്യ ബോര്‍ഡ് കണ്‍വിനര്‍ എ .ടി. തോമസ് എന്നിവര്‍ പ്രസംഗിച്ചു .പഞ്ചായത്തംഗങ്ങള്‍ , അറക്കുളം സെന്റ്. ജോസ്ഫ്സ് കോളേജിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!