Thodupuzha

ഫാര്‍മസിസ്റ്റ് നിയമനം നീളുന്നു: ഉദ്യോഗാര്‍ഥികള്‍ ആശങ്കയില്‍

തൊടുപുഴ: സര്‍ക്കാര്‍ ആശുപത്രികളില്‍ ഫാര്‍മസിസ്റ്റ് നിയമനം നീളുന്നത് ഉദ്യോഗാര്‍ഥികളെ ആശങ്കയിലാക്കുന്നു.പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലടക്കം ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിയമനങ്ങള്‍ നടക്കാതായതോടെ പി.എസ്.സി റാങ്ക് പട്ടികയിലുള്ളവരുടെ കാത്തിരിപ്പ് നീളുകയാണ്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരുവര്‍ഷം ആകാറായിട്ടും ജില്ലയില്‍ രണ്ട് നിയമനം മാത്രമാണ് ഇതുവരെ നടന്നതെന്ന് റാങ്ക് പട്ടികയിലുള്ളവര്‍ ആരോപിക്കുന്നു.നിയമാനുസൃതം നടപ്പാക്കേണ്ട പുതിയ തസ്തികകളും കടലാസില്‍ ഉറങ്ങുകയാണ്. ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 529/ 2019) തസ്തികയിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയുടെ റാങ്ക് പട്ടിക 2021 ഡിസംബറിലാണ് പ്രസിദ്ധീകരിച്ചത്. ജില്ലയില്‍ മെയിന്‍ ലിസ്റ്റില്‍ മാത്രം 65 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സപ്ലിമെന്ററി ലിസ്റ്റിലും ഇത്രത്തോളം പേരുണ്ട്. സംസ്ഥാനത്തൊട്ടാകെ വളരെ കുറച്ചാളുകള്‍ക്കാണ് ആരോഗ്യ കേന്ദ്രങ്ങളില്‍ ഇതുവരെ നിയമനം ലഭിച്ചത്. ജില്ലയിലെ മിക്ക കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഒരു സ്ഥിരം ഫാര്‍മസിസ്റ്റ് മാത്രമാണ് ഉള്ളത്. ആര്‍ദ്രം പദ്ധതിയുടെ പ്രോട്ടോകോള്‍ പ്രകാരം കുടുംബാരോഗ്യ കേന്ദ്രത്തില്‍ രണ്ട് ഫാര്‍മസിസ്റ്റുകള്‍ വേണം. ജില്ല-താലൂക്ക് ആശുപത്രികളിലും ആവശ്യത്തിന് ഫാര്‍മസിസ്റ്റുകളില്ല. ആശുപത്രിയില്‍ എത്തുന്ന എല്ലാ രോഗികളും സമീപിക്കുന്ന വിഭാഗമാണ് ഫാര്‍മസി എന്നിരിക്കെ ഫാര്‍മസിസ്റ്റുകളുടെ കുറവ് പല ആശുപത്രികളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. എത്രയും വേഗം നിയമനം നടത്തണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.

 

Related Articles

Back to top button
error: Content is protected !!