KarimannorThodupuzha

പൊലീസ് സ്റ്റേഷനില്‍ അതിക്രമം കാട്ടിയ യുവാവ് അറസ്റ്റില്‍

തൊടുപുഴ: കരിങ്കുന്നം പൊലീസ് സ്‌റ്റേഷനില്‍ അതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. എരുമേലി സ്വദേശി ഷാജി തോമസാണ് (അച്ചായി- 47) പിടിയിലായത്.ഇയാളുടെ പരാക്രമത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ക്കും പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. സ്റ്റേഷനില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറാകളും പൊലീസ് വാഹനത്തിന്റെ ഗ്ലാസും ഇയാള്‍ തകര്‍ത്തു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. തൊടുപുഴ- പാലാ റോഡില്‍ ഓടുന്ന സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്നു യുവാവ്.

 

ഇതേ ബസിന് തൊട്ടുമുന്നില്‍ സര്‍വ്വീസ് നടത്തുന്ന മറ്റൊരു ബസില്‍ യുവാവ് തൊടുപുഴയില്‍ നിന്ന് കയറി. കണ്ടക്ടറെത്തി ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടര്‍ന്ന് വാക്ക് തര്‍ക്കവും ഉന്തും തള്ളുമായി. ഇതോടെ ബസ് ജീവനക്കാര്‍ തൊട്ടടുത്ത കരിങ്കുന്നം പൊലീസ് സ്‌റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനെ വിളിച്ച്‌ വിവരം പറഞ്ഞു.

 

കരിങ്കുന്നം ടൗണിലെത്തിയപ്പോള്‍ പൊലീസുകാരെത്തി യുവാവിനെ പിടിച്ചുകൊണ്ടു പോയി. എന്നാല്‍ സ്റ്റേഷനുള്ളിലേക്ക് കയറിയതോടെ യുവാവ് അസഭ്യ വര്‍ഷവും അക്രമവും നടത്തുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സ്‌റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന്റെ സൈഡ് ഗ്ലാസ് യുവാവ് ഇളക്കി താഴെയിട്ടു. തുടര്‍ന്ന് സി.സി ടി.വി ക്യാമറാകളും ഘടിപ്പിച്ചിരുന്ന പൈപ്പുകളും തകര്‍ത്തു.

 

യുവാവിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ എസ്.ഐ ബൈജു പി.ബാബുവിന്റെ കൈയ്ക്ക് പരിക്കറ്റു. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥനായ അനീഷ് ആന്റണിയുടെ പുറത്ത് യുവാവ് കടിച്ച്‌ പരിക്കല്‍പ്പിച്ചു. സ്‌റ്റേഷനില്‍ ഉണ്ടായിരുന്ന മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ ഓടിയെത്തിയെത്തിയാണ് യുവാവിനെ കീഴടക്കിയത്. സെല്ലിലടക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് തല ഗ്രില്ലിലും ഭിത്തിയിലും ഇടിച്ച്‌ സ്വയം പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതായും പൊലീസുകാര്‍ പറഞ്ഞു.

 

സ്റ്റേഷനില്‍ എത്തിയത് മുതല്‍ വനിതാ പൊലീസുകാര്‍ക്ക് നേരെയടക്കം അസഭ്യവര്‍ഷം നടത്തിയതായും അക്രമ സംഭവങ്ങള്‍ സ്റ്റേഷനിലെ സി.സി ടി.വിയില്‍ പതിഞ്ഞിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. തുടര്‍ന്ന് യുവാവിന്റെ സുഹൃത്തുക്കളെ പൊലീസ് വിളിച്ച്‌ വരുത്തി. ഏതാനും വര്‍ഷങ്ങളായി യുവാവ് മാനസിക വിഭ്രാന്തിക്ക് ചികിത്സ തേടിയിരുന്നതായും ഇതിന് മുമ്ബും മറ്റ് വിവിധയിടങ്ങളിലും യുവാവ് ഇത്തരം അതിക്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. യുവാവ് മദ്യപിച്ചിരുന്നതായി പൊലീസ് നടത്തിയ വൈദ്യ പരിശോധനയില്‍ വ്യക്തമായി. യുവാവിനെതിരെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ മജിസ്‌ട്രേറ്റിനെ അക്രമിച്ചതടക്കം ചിറ്റാര്‍ പൊലീസ് സ്‌റ്റേഷനില്‍ എട്ടും തലയോലപ്പറമ്ബ് സ്‌റ്റേഷനില്‍ ഒരു കേസുമുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷനില്‍ അതിക്രമം കാട്ടിയതിനും ഉദ്യോഗസ്ഥരെ അക്രമിച്ചതിനും എരുമേലി സ്വദേശിയായ യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഇയ്യാളെ കോടതിയില്‍ ഹാജരാക്കുമെന്നും കരിങ്കുന്നം പൊലീസ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!