ChuttuvattomThodupuzha

കൃത്യതാ കൃഷി വിജയകരം: ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലേക്ക് ഇടവെട്ടി സ്വദേശിക്ക് ക്ഷണം

തൊടുപുഴ: കൃഷി വകുപ്പിന്റെ നവീന കൃഷി രീതികളിലൊന്നായ കൃത്യതാ കൃഷി വിജയകരമായി നടപ്പാക്കിയതിനെ തുടര്‍ന്ന് യുവകര്‍ഷന്‍ ജോസിന് ആദരം. സ്വാതന്ത്ര്യദിനത്തില്‍ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് ഇടവെട്ടി കളമ്പുകാട്ട് ജോസ് കെ. ജോസഫിന് (45) ക്ഷണം ലഭിച്ചിരിക്കുന്നത്.  കേരളത്തില്‍ നിന്ന് ജോസിനെ കൂടാതെ പാലക്കാട് നിന്നൊരു കര്‍ഷകനെയും കൂടി തെരഞ്ഞെടുത്തിട്ടുണ്ട്. കൃഷി വകുപ്പിന്റെ നവീന കൃഷി രീതികളിലൊന്നായ കൃത്യതാ കൃഷി വിജയകരമായി നടപ്പിലാക്കിയതിനെ തുടര്‍ന്നാണ് ജോസ് തെരഞ്ഞെടുക്കപ്പെട്ടത്. ചെടികളുടെ വളര്‍ച്ചയ്ക്കാവശ്യമായ ജലം, പോഷകമൂല്യങ്ങള്‍ എന്നിവ കൃത്യമായ സമയത്ത് കൃത്യമായ അളവിലും രീതിയിലും സസ്യങ്ങള്‍ക്ക് നല്‍കുന്ന കൃഷിസമ്പ്രദായമാണിത്.നേരത്തെ കൃഷി രീതികള്‍ വിലയിരുത്താന്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരെത്തിയിരുന്നതായി ജോസ് പറയുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരം കൃഷി ഡയറക്ടറേറ്റില്‍ നിന്ന് ജോസിനെ ചടങ്ങിലേക്ക് തെരഞ്ഞെടുത്തതായി  അറിയിക്കുകയായിരുന്നു. ആഗസ്റ്റ്‌ 14ന് ഡല്‍ഹി കേരളാ ഹൗസിലെത്തണമെന്നാണ് അറിയിപ്പ്. ഭാര്യയ്ക്കും ചടങ്ങില്‍ പങ്കെടുക്കാം. യാത്രാ ചെലവടക്കമുള്ളവയെല്ലാം സര്‍ക്കാര്‍ വഹിക്കും. സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ കര്‍ഷകനായ തന്നെയും തിരഞ്ഞെടുത്തതില്‍ വളരെയധികം സന്തോഷവും നന്ദിയുമുണ്ടെന്ന് ജോസ് പറഞ്ഞു. കളമ്പുകാട്ട് കെ.ജെ. ജോസഫ് (ജോയി)- ക്ലാരമ്മ ദമ്പതികളുടെ മകനായ ജോസിന് പാരമ്പര്യമായി കിട്ടിയതാണ് കൃഷി. വീടിന് ചുറ്റുമുള്ള മൂന്ന് ഏക്കര്‍ പറമ്പില്‍ പച്ചക്കറി, വാഴ, തെങ്ങ്, കപ്പ, ജാതി, കമുക്, ഇഞ്ചി, മഞ്ഞള്‍ തുടങ്ങി എല്ലാത്തരം കൃഷിയും ചെയ്യുന്നുണ്ട്. അഞ്ച് പശുക്കളെ വളര്‍ത്തുന്ന ക്ഷീരകര്‍ഷകന്‍ കൂടിയാണ് ജോസ്. ഭാര്യ സൗമ്യ എല്ലാത്തിനും പിന്തുണയുമായി കൂടെയുള്ളതാണ് വിജയം. 9, 5, 4 ക്ലാസുകളിലെ വിദ്യാര്‍ഥികളായ ജോമറ്റ്, ജോബിറ്റ്, ജെനീറ്റ എന്നിവര്‍  മക്കളാണ്. ഹോര്‍ട്ടികോര്‍പ്പിലും പ്രാദേശിക വിപണികളിലുമാണ് ജോസ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത്.

Related Articles

Back to top button
error: Content is protected !!