ChuttuvattomThodupuzha

മഴക്കാലമുന്നൊരുക്കം ; അവലോകനയോഗം ചേര്‍ന്നു

തൊടുപുഴ : നഗരസഭ പരിധിയില്‍ മഴക്കാല പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനും മുന്നൊരുക്കങ്ങള്‍ തയ്യാറാക്കുന്നതും സംബന്ധിച്ച് തൊടുപുഴ നഗരസഭ, ആരോഗ്യവകുപ്പ്, ആയുര്‍വേദം, ഹോമിയോ, പിഡബ്ലൂഡി, വിദ്യാഭ്യാസം എന്നി വകുപ്പുകളുടെ അടിയന്തിര അവലോകനയോഗം ചേര്‍ന്നു. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. പകര്‍ച്ചവ്യാധികള്‍ തടയുന്ന നടപടികളെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. അജി പി.എന്‍ സംസാരിച്ചു. നഗരസഭ ആരോഗ്യ വിഭാഗം, പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്, ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നി വകുപ്പുകള്‍ സംയുക്തമായി അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നതിനായി സ്‌ക്വാഡ് രൂപീകരിക്കണമെന്നും ആഴ്ചയില്‍ ഒരിക്കല്‍ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഡ്രൈ ഡേ ആചരിക്കണമെന്നും നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍ദ്ദേശം നല്‍കി.

എല്ലാ വകുപ്പുകളും നഗരസഭയുമായി സഹകരിച്ച് മഴക്കാല മുന്നൊരുക്ക പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകണമെന്ന് നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ജെസ്സി ആന്റണി പറഞ്ഞു. മുനിസിപ്പല്‍ സെക്രട്ടറി ബിജു ജേക്കബ് , നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ നഗരസഭ വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി രാജാശേഖരന്‍, ഹോമിയോ/ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാര്‍ , കെഡബ്ല്യൂഎ എഇഇ, പിഡബ്ല്യൂഡി എഇ, ഓവര്‍സീര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍,വിവിധ സ്‌കൂളുകളിലെ അധ്യാപകര്‍, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍,നഗരസഭാ ആരോഗ്യ വിഭാഗം, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ , ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!