Local LiveMuttom

ഇല്ലിചാരിയില്‍ പുലിയുടെ സാന്നിധ്യം , ആശങ്കയോടെ ജനങ്ങള്‍ ; നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്

മുട്ടം : ഇല്ലിചാരിയില്‍ വനം വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തി. ഇല്ലിചാരി ഭാഗത്ത് അജ്ഞാത ജീവി മൃഗങ്ങളെ ആക്രമിക്കുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വനം വകുപ്പ് ഇവിടെ നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്.രണ്ടുദിവസം മുമ്പ് ഇതില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് പുള്ളിപ്പുലിയാണെന്ന് സ്ഥിരീകരിച്ചത്. തുടങ്ങനാട് -പഴയമറ്റം തുടങ്ങിയ ജനവാസ കേന്ദ്രങ്ങള്‍ക്ക് സമീപമാണ് ഇല്ലിചാരി. ഇവിടെ ജനസാന്ദ്രത കുറവാണെങ്കിലും ജനവാസകേന്ദ്രമാണ്.

കഴിഞ്ഞ 22നും 23നും  ഇല്ലിചാരിയില്‍ 15 വളര്‍ത്തുമൃഗങ്ങളെ അജ്ഞാത ജീവി ആക്രമിച്ച് കൊന്നിരുന്നു. ഒരാഴ്ച മുമ്പാണ് മുട്ടം പോളിടെക്‌നിക്ക് കോളേജ് സമീപത്തു നിന്നും നായയെ അജ്ഞാത ജീവി പിടിച്ചു കൊണ്ട് പോയത്. പോളിടെക്‌നിക്ക് കോളേജ് ഭാഗത്ത് കണ്ട മൃഗം ഇല്ലിചാരിയില്‍ കണ്ടെത്തിയ പുലി തന്നെ ആകാനാണ് സാധ്യതയെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഇല്ലിചാരിയുടെ ഒരു ഭാഗം വനം വകുപ്പിന്റെ റിസര്‍വ് വനമേഖലയാണ്. റിസര്‍വ് വനമേഖല ഭാഗവും പോളിടെക്‌നിക്ക് കോളേജ് സ്ഥിതി ചെയ്യുന്ന പ്രദേശവുമായി ഏറെ അകലമില്ല. ജനവാസ മേഖലയോട് ചേര്‍ന്ന് പുലിയുടെ സാന്നിധ്യം കണ്ടതോടെ ജനങ്ങള്‍ ആശങ്കയിലായി.

വനം വകുപ്പ് അധികൃതര്‍ ഇന്ന് അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പുലിയുടെ സാന്നിധ്യം കണ്ടെത്തിയത് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും എന്നാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പുലിയെ പിടി കൂടുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തുമെന്നും മുട്ടം റേഞ്ച് ഓഫീസര്‍ സിജോ സാമുവല്‍ പറഞ്ഞു.

 

 

Related Articles

Back to top button
error: Content is protected !!