Local LiveMoolammattam

ഡെങ്കിപ്പനി പ്രതിരോധം : ആരോഗ്യ പ്രവര്‍ത്തനം ശക്തമാക്കി

മൂലമറ്റം : അടുത്തടുത്ത ദിവസങ്ങളില്‍ ഏഴോളം ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര ഇടപെടലും, പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കി. അറക്കുളം പഞ്ചായത്തിലെ ഏഴാം വാര്‍ഡ് പതിപ്പള്ളിയിലെ ചേറാടി ഊര് കൂട്ട പരിധിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാവിലെ ആറ് മുതല്‍ കൊതുകുകളെ നശിപ്പിക്കാന്‍ ചേറാടിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ ഫോഗിംഗ് നടത്തി.

അറക്കുളം പഞ്ചായത്തിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരും പ്രദേശവാസികളും ചേറാടി അംഗന്‍വാടിയില്‍ ഒത്ത് ചേരുകയും 7 ടീമായി തിരിഞ്ഞ് വീടുകള്‍ തോറും കയറി വീട്ടുകാരെ ബോധവല്‍ക്കരിച്ചും കൊതുകുകളെ ഉറവിടത്തില്‍ നശിപ്പിച്ചും പരിസരങ്ങള്‍ വൃത്തിയാക്കാന്‍ ആവിശ്യപ്പെട്ടും ആരോഗ്യ സര്‍വ്വേ നടത്തി. പനി ബാധിച്ച് കിടപ്പിലായിരുന്ന രോഗികളുടെ രക്തസാമ്പിള്‍ എടുത്ത് ടെസ്റ്റിനയച്ചു. ചേറാടിയില്‍ നടന്ന മെഗാഹെല്‍ത്ത് സര്‍വേക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലാസ് എം ലാല്‍ മാര്‍ഗനിര്‍ദേശം നല്‍കി.

ഓരോ ടീമിനേയും ആരോഗ്യ വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥര്‍ നയിച്ചു. ഉച്ചയോടെ സര്‍വേ പൂര്‍ത്തികരിച്ച് തിരികെ അംഗന്‍വാടിയിലെത്തി സര്‍വ്വേ ഫലങ്ങള്‍ വിലയിരുത്തി. ഭാവിയിലേക്കുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുകയും ചെയ്തു. ഞായറാഴ്ച വാര്‍ഡില്‍ കൊതുകുകളുടെ ഉറവിടം നശിപ്പിക്കുന്ന മെഗാശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുടിവെള്ള ടാങ്കുകള്‍ കിണറുകള്‍ അടക്കം കൊതുക് മുട്ടയിടുന്ന സ്ഥലങ്ങളില്‍ കൂത്താടിനശിക്കാന്‍ ഗ്രാ ന്യൂളുകള്‍ കലക്കിയും പനി ഇനിയും പടരാതെ പ്രധിരോധിക്കുവാനുള്ള പ്രവര്‍ത്തനങ്ങളാണ് ആലോചിച്ചിട്ടുള്ളത്. ആരോഗ്യ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിതകര്‍മ്മ സേനാ പ്രവര്‍ത്തകര്‍ അടക്കം പ്രദേശവാസികളും ഒത്ത് ചേര്‍ന്ന് നടത്തുന്ന മെഗാശുചീകരണബോധവല്‍ക്കരണ പ്രവര്‍ത്തനത്തിലൂടെ മാരകമായ രോഗത്തെ തടയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Related Articles

Back to top button
error: Content is protected !!